ഇടുക്കിയിൽ ഇടതിനെതിരെ കർഷക രോക്ഷം, യുഡിഎഫ് മുന്നേറ്റം

ലോക്സഭ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. ശക്തമായ ത്രികോണ മത്സരം കാഴ്ചവെക്കുന്ന മണ്ഡലമാണ് ഇടുക്കി. എല്‍ ഡി എഫില്‍ നിന്ന് മുന്‍ എം പി ജോയ്‌സ് ജോര്‍ജ്, യു ഡി എഫില്‍ നിന്ന് നിലവിലെ എം പി ഡീന്‍ കുര്യാക്കോസ്, എന്‍ ഡി എയില്‍ നിന്ന് സംഗീത വിശ്വനാഥന്‍ എന്നിവരാണ് മത്സര രംര​ഗത്തുള്ളത്. ഇടുക്കിലെ തിരഞ്ഞെടുപ്പ് ഫലം വിവരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ പാണ്ഢ്യാല ഷാജി.

ഇപ്പോഴത്തെ സാഹചര്യം വെച്ച് നിലവിലെ എംപിയായ ഡീന്‍ കുര്യാക്കോസ് തന്നെ വിജയിക്കുമെന്ന് പാണ്ഢ്യാല ഷാജി പറയുന്നു. സംസ്ഥാന സർക്കാരിനെതിരെ വരുന്ന ഭരണവിരുദ്ധ വികാരത്തിന്റെയും കർഷക രോക്ഷത്തിന്റെയും പ്രതിഫലനമായിരിക്കും തിരഞ്ഞെടുപ്പ്. ഇടതു പക്ഷ രാഷ്ട്രീയക്കാർ നടത്തുന്ന ആഭാസങ്ങൾക്കും തീവെട്ടിക്കൊള്ളകൾക്കും ജനം മറുപടി നൽകുമെന്നും പാണ്ഢ്യാല ഷാജി വ്യക്തമാക്കി.

ഇടുക്കിയില്‍ ഇതുവരെ നടന്ന 12 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എട്ട് തവണയും യു ഡി എഫിനൊപ്പമായിരുന്നു ജയം. എല്‍ ഡി എഫ് നാല് തവണ ജയിച്ചു. ഏറ്റവും ഒടുവില്‍ നടന്ന 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകാരം തൊടുപുഴ, മുവാറ്റുപുഴ മണ്ഡലങ്ങള്‍ യു ഡി എഫിനൊപ്പമാണ്. എന്നാല്‍ കോതമംഗലം, ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി, പീരുമേട് മണ്ഡലങ്ങള്‍ എന്നീ ഏഴ് മണ്ഡലങ്ങളില്‍ എല്‍ ഡി എഫാണ് ജയിച്ചത്.