കെ രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തിൽ ആയുധങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് യുഡിഎഫ്

ആലത്തൂരിലെ ലോക്‌സഭ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തിന്റെ ഭാഗമായ കാറില്‍ നിന്നും ആയുധങ്ങള്‍ മാറ്റുന്നു എന്നവകാശപ്പെട്ട് യുഡിഎഫ് ദൃശ്യങ്ങള്‍ പുറത്തു വിട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ആണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. വോട്ടു കുത്തുന്നതിന് മുമ്പേ ഓര്‍ക്കേണ്ട കുത്തുകള്‍ എന്ന പേരിലാണ് വീഡിയോ പുറത്തു വിട്ടിട്ടുള്ളത്.

വാഹനത്തില്‍ നിന്നും ഇറങ്ങിയ ഒരാള്‍ ആയുധങ്ങള്‍ പുറത്തേക്ക് മാറ്റുന്നത് വീഡിയോയില്‍ കാണാം. അതേസമയം, പ്രചാരണ ബോര്‍ഡുകള്‍ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്നാണ് സിപിഎം വിശദീകരണം. സിസിടിവി ദൃശ്യങ്ങളിലുള്ളവരെ വിളിപ്പിക്കുമെന്ന് ചേലക്കര പൊലീസ് വ്യക്തമാക്കി. ദൃശ്യങ്ങളുടെ ആധികാരികത ഉള്‍പ്പെടെ പരിശോധിച്ചശേഷമായിരിക്കും തുടര്‍ നടപടിയെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.