അമൃത്പാൽ സിംഗ് പഞ്ചാബിൽ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന, നാമനിർദേശ പത്രിക ഉടൻ സമർപ്പിക്കുമെന്ന് രാജ്‌ദേവ് സിംഗ് ഖൽസ

ഛണ്ഡിഗഢ്: സിഖ് വിഘടനവാദി നേതാവ് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. നിലവിൽ അസം ജയിലിലുള്ള അമൃത്പാൽ സിങ്ങാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. ദേശസുരക്ഷാ നിയമപ്രകാരമാണ് അമൃത്പാൽ നിലവിൽ ജയിലിൽ കഴിയുന്നത്. അമൃത്പാലിന്റെ അഭിഭാഷകനാണ് ഇയാൾ മത്സരിക്കുന്ന വിവരം അറിയിച്ചത്. പഞ്ചാബിലെ ഖാദൂർ സാഹിബിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായിട്ടായിരിക്കും മത്സരം.

കഴിഞ്ഞ ദിവസം അമൃത്പാലിനെ ദിബ്രുഗഡ് ജയിലിലെത്തി സന്ദർശിച്ചുവെന്നും, ഖദൂർ സാഹിബിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തതായി രാജ്‌ദേവ് സിംഗ് പറയുന്നു. ഈ നിർദേശം അമൃത്പാൽ അംഗീകരിച്ചതോടെയാണ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തൽ നടത്തിയതെന്നും രാജ്‌ദേവ് പറയുന്നു. ജയിലിൽ നിന്ന് മത്സരിക്കുന്നതിൽ തടസമില്ലെന്നും, നാമനിർദേശ പത്രിക വൈകാതെ സമർപ്പിക്കുമെന്നും ഇയാൾ പറയുന്നു.

വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ തലവനാണ് അമൃത്പാൽ സിങ്. കഴിഞ്ഞ ഏപ്രിലിലാണ് അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ദേശസുരക്ഷാനിയമം ചുമത്തുകയും ചെയ്തു. അമൃത്പാൽ സിങ്ങും ഒമ്പത് അനുയായികളും നിലവിൽ ദിബ്രുഗ്രാഹ് ജയിലിലാണുള്ളത്. കഴിഞ്ഞ വർഷം അമൃത്പാൽ സിങ്ങും അനുയായികളും ചേർന്ന് അമൃത്സറിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. ഇയാളുടെ അനുയായി ലവ്പ്രീത് സിങ് തൂഫാനെ മോചിപ്പിക്കുന്നതിനായിരുന്നു ആക്രമണം.