സിനിമയില്‍ തുല്യതയ്ക്കുളള പോരാട്ടം തുടരും; പാര്‍വതി തിരുവോത്ത്

മലയാള സിനിമാ മേഖലയില്‍ തുല്യതക്കായുള്ള പോരാട്ടം തുടരുമെന്ന് നടി പാര്‍വതി തിരുവോത്ത്. അന്തസ്സില്ലാതെ ഇനി ജീവിതം തുടരാന്‍ ഇല്ലെന്നും തുല്യനീതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഡബ്യൂസിസി മാത്രം നേരിടുന്നുവെന്നും പാര്‍വതി പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ പ്രതികരണം.

എല്ലാവരും നിശബ്ദത വെടിയേണ്ട സമയമായെന്നും പാര്‍വതി പറഞ്ഞു. കസബ സിനിമയുമായി ബന്ധപ്പെട്ട് തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാകും പുഴു എന്നും പാര്‍വതി വ്യക്തമാക്കുന്നു. മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച്‌ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പുറത്തുവരാത്തത് റിപ്പോര്‍ട്ടില്‍ പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെടുന്നതുകൊണ്ടാണെന്ന് നടി പാര്‍വതി തിരുവോത്ത് ഒരു ചാനല്‍ ചര്‍ച്ചയില്‍ പറയുകയുണ്ടായി. മലയാള സിനിമയില്‍ സെക്സ് റാക്കറ്റ് ഉണ്ടെന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹേമ കമ്മീഷനില്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും പാര്‍വതി പറഞ്ഞിരുന്നു.

അതിജീവിതയേ സോഷ്യല്‍മീഡിയയിലൂടെ പിന്തുണച്ച്‌ പലരും രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇവരുടെ പ്രൊഡക്ഷന്‍ ഹൗസില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതുപോലെയുള്ള ഇന്‍റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി ഉണ്ടോ എന്നുള്ളത് അന്വേഷിക്കണം, നിയമപരമായി കംപ്ലെയിന്‍റ് സെല്‍ പ്രൊഡക്ഷന്‍ കമ്ബനികളിലുണ്ടോ എന്ന് പരിശോധിച്ചാല്‍ ഒരു ശതമാനം പോലും ചിലപ്പോള്‍ ഉണ്ടാകില്ലെന്നും പാര്‍വതി പറഞ്ഞിരുന്നു.

അതേസമയം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ‘പുഴു’ സോണി ലിവിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. പി.ടി. റത്തീന സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടി മുഴുനീള നെഗറ്റീവ് വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പെര്‍ഫോമന്‍സില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് മമ്മൂട്ടിയുള്‍പ്പെടെ ചിത്രത്തിലെ ഓരോ കഥാപാത്രവും കാഴ്ചവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിലാണ് പാര്‍വതി അഭിനയിക്കുന്നത്.