കലാപ ആഹ്വാനം, എം വി ഗോവിന്ദനെതിരേ എഫ്.ഐ ആർ ഇടാൻ വൈകുന്നു, ഡി ജി പിക്ക് പരാതി

തെളിവും മൊഴിയും ഉണ്ടായിട്ടും സി.പി.എം സംസ്ഥാന സിക്രട്ടറി എം വി ഗോവിന്ദനെതിരേ കേസെടുക്കുന്നില്ലെന്നും ഭരണ സ്വാധീനം ദുരുപയോഗിച്ച് നിയമ നടപടിയിൽ നിന്നും പോലീസ് രക്ഷിക്കുന്നു എന്നും ചൂണ്ടിക്കാട്ടി ഡി ജി പിക്ക് പരാതി. എം വി ഗോവിന്ദൻ സി.പി.എം പ്രവർത്തകരെ ഇളക്കിവിട്ട് കലാപത്തിനു നീക്കം നടത്തി എന്നും തെളിവുകൾ ഹാജരാക്കി പൊതു പ്രവർത്തകൻ പായിച്ചിറ നവാസ് പരാതി നല്കിയിരുന്നു.

തുടർന്ന് ക്രൈം ബ്രാഞ്ച് പരാതിക്കാരനിൽ നിന്നും തെളിവും ശേഖരിച്ചു. എന്നാൽ പ്രതി സി പി എം സംസ്ഥാന സിക്രട്ടറി ആയതിനാൽ എഫ് ഐ ആർ ഇടുന്നില്ലെന്നും പരാതിക്കാരൻ പറയുന്നു. മൊഴിയും തെളിവും ഉണ്ടായിട്ടും എഫ് ഐ ആർ ഇടാതെ പോലീസ് എങ്ങിനെയാണ്‌ കേസ് അന്വേഷിക്കുക എന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഡി.ജി.പിക്ക് നല്കിയ പരാതിയുടെ പൂർണ്ണ രൂപം

വിഷയം : സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ കലാപ ആഹ്വാനത്തിനു കേസ് എടുക്കണം എന്നാവശ്യപ്പെട്ട്
18-06-2023 ൽ ഞാൻ
നൽകിയ പരാതിയിൽ FIR രജിസ്റ്റർ ചെയ്യണം.

സൂചന : 30-06-2023ന് കളമശ്ശെരി ക്രൈം ബ്രാഞ്ച് ഓഫീസിൽ പരാതിക്കാരനെ വിളിച്ചു വരുത്തി ക്രൈം ബ്രാഞ്ച് SP സാബുമാത്യു മൊഴിയെടുത്തതല്ലാതെ FIR രജിസ്റ്റർ ചെയ്യുന്നില്ല.

പരാതിക്കാരനായ ഞാൻ ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, എ.ഡി.ജി.പി ഹെഡ് ക്വാർട്ടേഴ്‌സ് എന്നിവർക്ക്
18-06-2023 ൽ ഇ-മെയിൽ വഴി അതീവ പ്രാധാന്യമുള്ള ഒരു പരാതി നൽകിയിരുന്നു.പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും, പരാതി അന്വേഷണത്തിനും, തുടർനടപടികൾക്കും കളമശ്ശേരി ക്രൈം ബ്രാഞ്ച് SP സാബു മാത്യുവിന് കൈമാറുകയും, 30-06-2023 ന്, രാവിലെ 11 മണിക്ക് പരാതിക്കാരനെ കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തി SP സാബു മാത്യു, മൊഴി എടുക്കുകയും ചെയ്തു. പരാതിക്കാരനായ ഞാൻ പരാതിയിൽ ഉറച്ചു നിൽക്കുകയും, കൃത്യമായി മൊഴി നൽകുകയും ചെയ്തിരുന്നു. എന്നാൽ പരാതി നൽകി 25 ദിവസം കഴിഞ്ഞിട്ടും, മൊഴി നൽകി രണ്ടാഴ്ച ആയിട്ടും മുൻമന്ത്രിയും, ഭരണകക്ഷി പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും, ഉന്നത സ്വാധീനമുള്ള വ്യക്തിയുമായ എതിർകക്ഷിക്കെതിരെ FIR രെജിസ്റ്റർ ചെയ്യാൻ പോലീസ് തയാറാകുന്നില്ല. FIR രെജിസ്റ്റർ ചെയ്യാൻ വൈകിയാൽ ഉന്നതനായ എതിർകക്ഷി അന്വേഷണം അട്ടിമറിക്കുകയും തെളിവുകൾ നശിപ്പിക്കുകയും, ചെയ്യും. ആകയാൽ അടിയന്തരമായി എതിർകക്ഷിക്കെതിരെ FIR രെജിസ്റ്റർ ചെയ്യണമെന്ന് താല്പര്യപ്പെടുന്നു. 18-06-2023 ൽ നൽകിയ പരാതിയും, ഇമെയിൽ പരാതി റെസിപ്റ്റും ഇതോടൊപ്പം ഹാജരാക്കുന്നു.