നിലയെത്തിയിട്ട് ആറ് മാസം, ദൈവം നല്‍കിയ സമ്മാനത്തിന്റെ സന്തോഷത്തില്‍ പേളിഷ്

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ്‌ബോസ് മലയാളം സീണ്‍ ഒന്നിലെ മത്സരാര്‍ത്ഥികളായിരുന്നു ഇരുവരും. ഷോയ്ക്കിടെ ഇരുവരും അടുക്കുകയും പ്രണയത്തിലാവുകയായിരുന്നു. ബിഗ്‌ബോസ് അവസാനിച്ച ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതര്‍ ആവുകയും ചെയ്തു. ആദ്യത്തെ കണ്‍മണി എത്തിയത് മുതല്‍ ഇരുവരും ജീവിതം ആഘോഷിക്കുകയാണ്. ആദ്യത്തെ കുഞ്ഞ് വരാന്‍ പോകുന്ന വിവരം പങ്കുവെച്ചതിന് ശേഷം ഗര്‍ഭകാലത്തെ ഓരോ വിശേഷവും പേളി പങ്കുവെച്ചിരുന്നു. നില എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. മകളുടെ വളര്‍ച്ചയിലെ ഒരോ നിമിഷവും ഇരുവരും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോള്‍ മകള്‍ക്ക് ചുറ്റുമാണ് പേര്‍ളിയുടെയും ശ്രീനിഷിന്റെയും ലോകം. ഇരുവരുടെയും യാത്രകളിലടക്കം നിലയുമുണ്ട്. പേര്‍ളിഷിന്റെ ജീവിതത്തിലേക്ക് നില എത്തിയിട്ട് ആറ് മാസം പിന്നിടുന്നു. മകള്‍ പിറന്നിട്ട് ആറ് മാസം പിന്നിട്ടതിന്റെ സന്തോഷം ഇരുവരും മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ കുറിച്ചിട്ടുണ്ട്. മകള്‍ തന്റെ നെഞ്ചില്‍ കിടന്നുറങ്ങുന്നതിന്റെ ചിത്രത്തിനൊപ്പം മനോഹരമായൊരു കുറിപ്പാണ് പേളി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.

‘ഈ മാലാഖ ഞങ്ങളുടെ കൈകളില്‍ എത്തിയിട്ട് ആറ് മാസമാകുന്നു. ഞങ്ങളുടെ വലിയ സന്തോഷം… ദൈവം ഞങ്ങള്‍ക്ക് തന്ന വലിയ സമ്മാനം… നില ബേബി. മമ്മ നിന്നെ സ്‌നേഹിക്കുന്നു. ഈ നല്ല നിമിഷം പകര്‍ത്തിയതിന് ഡാഡയ്ക്ക് നന്ദി…’ ഇതായിരുന്നു പേളിയുടെ വാക്കുകള്‍. ശ്രീനിഷും മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സന്തോഷം അറിയിച്ചിരുന്നു. ‘എന്നേക്കും എന്റെ രാജകുമാരി’ എന്നാണ് ശ്രീനിഷ് എഴുതിയത്.

കഴിഞ്ഞ ദിവസം നടന്ന സൈമ അവാര്‍ഡ്‌സില്‍ മകള്‍ക്കൊപ്പം പങ്കെടുക്കാന്‍ എത്തിയ പേളിയുടെയും ശ്രീനിഷിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘ഒരുമിച്ചുള്ള ഞങ്ങളുടെ ആദ്യ വിമാന യാത്ര’ എന്ന ക്യാപ്ഷനോടെ നിലയെയും കൊണ്ട് ഇരിക്കുന്ന ചിത്രം പേളിയും ശ്രീനിഷും പോസ്റ്റ് ചെയ്തിരുന്നു. 2019 മേയ് അഞ്ചിനായിരുന്നു പേര്‍ളിയുടേയും ശ്രീനിഷിന്റേയും വിവാഹം. 2021 മാര്‍ച്ച് 20നായിരുന്നു നിലയുടെ ജനനം. മകളുടെ മാമോദീസ ചടങ്ങിന്റെയും ചോറൂണിന്റെയും ചിത്രങ്ങളും ദമ്പതികള്‍ പങ്കുവെച്ചിരുന്നു.