കൊറോണ രോഗബാധിതര്‍ മനപൂര്‍വ്വം രോഗം പരത്തുന്നതായി റിപ്പോര്‍ട്ട്

ചൈനയില്‍ നിന്നും പുറത്തുവരുന്നത് നടുക്കുകയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടുകള്‍. രോഗബാധയുള്ളവര്‍ മനഃപൂര്‍വം തന്നെ മറ്റുള്ളവരിലേക്ക് രോഗം പരത്താന്‍ ശ്രമിക്കുന്നു എന്ന മട്ടിലുള്ള വാര്‍ത്തകളാണ് രാജ്യത്തുനിന്നും പുറത്തുവരുന്നത്. ഇത്തരം വാര്‍ത്ത ശരിവെയ്ക്കുന്ന രീതിയിലുള്ള വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്.

രോഗബാധയില്ലാത്തവരുടെ ദേഹത്തേക്ക് തുപ്പിയും ഉമിനീരും മറ്റ് ശരീരസ്രവങ്ങളും പുരണ്ട വസ്തുക്കള്‍ പലയിടത്തും നിക്ഷേപിച്ചുമാണ് രോഗബാധിതര്‍ തങ്ങള്‍ക്കുള്ള രോഗം പരത്തുന്നത്.
ചൈനയിലേതെന്ന് തോന്നിപ്പിക്കുന്ന ഒരു ആശുപത്രിയിലെ റിസപ്ഷനില്‍ വച്ച്‌ മുഖംമൂടി ധരിച്ച രണ്ടുപേര്‍ റിസപ്ഷനുള്ളില്‍ ഇരിക്കുന്ന രണ്ടുപേര്‍ക്ക് നേരെ തുപ്പുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇതില്‍ നിന്നും ഒഴിഞ്ഞുമാറുന്നതിനായി ഇവര്‍ ഇരിക്കുന്ന കസേരയില്‍ നിന്നും എഴുന്നേല്‍ക്കുന്നതും ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.

ചൈനയ്ക്കു പുറത്തേയ്ക്കും കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
സ്ഥിതി ഗൗരവതരമാണെന്നും ആരോഗ്യ അടിയന്തരാവസ്ഥ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭാ അംഗരാജ്യങ്ങളിലേയ്‌ക്കെല്ലാം നോട്ടീസ് നല്‍കുമെന്നും ടഡ്രോസ് അദാനം ഗബ്രിയേസസ് പറഞ്ഞു. ചൈനയിലെ അവസ്ഥ എന്ത് എന്നതിനേക്കാള്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് വൈറസ് ബാധ പടരുന്നു എന്ന വസ്തുതയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. വൈറസ് ബാധ നിയന്ത്രിക്കാന്‍ ചൈന ആവശ്യമായ നടപടികള്‍ കൈക്കൊണ്ടുവരുന്നുണ്ട്. മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളിലേക്ക് വൈറസ് പടരുന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് ടഡ്രോസ് ചൂണ്ടിക്കാട്ടി.

നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും രാജ്യാതിര്‍ത്തികള്‍ അടയ്ക്കുന്നതും വിമാനങ്ങള്‍ റദ്ദാക്കുന്നതും അടക്കമുള്ള കാര്യങ്ങളില്‍ അതാത് രാജ്യങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും ഡബ്ല്യു എച്ച് ഒ വ്യക്തമാക്കി. നിലവില്‍ ചൈനയ്ക്ക് പുറത്ത് 18 രാജ്യങ്ങളിലായി 98 വൈറസ് ബാധ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ചൈനയ്ക്ക് പുറത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വൈറസ് വ്യാപനം തടയുന്നതിന് എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും സഹായം ആവശ്യമുള്ളിടങ്ങളില്‍ സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാന്‍ ലോകാരോഗ്യ സംഘടന സന്നദ്ധമാണെന്നും ലോകാരോഗ്യ സംഘടന തലവന്‍ വ്യക്തമാക്കി.

കൊറോണ വൈറസ് രോഗം സംസ്ഥാനത്ത് സ്ഥിരീകരിച്ചു. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ നിന്നു മടങ്ങിയെത്തിയ വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ഥി നിരീക്ഷണത്തിലാണെന്നും നില തൃപ്തികരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.