കൂട്ടുകാര്‍ കുതിച്ചു പാഞ്ഞപ്പോഴും അവള്‍ പിന്മാറിയില്ല; കാണികളെ കണ്ണീരണിയിച്ച വീഡിയോ

ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്ന ആറുകുട്ടികളെക്കുറിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മനസ്സ് വച്ചാല്‍ ഒന്നും അസാധ്യമല്ല. എങ്കിലും പ്രതീക്ഷകളെ കൈവിട്ട് നിരാശരായി കഴിയുന്നവരാണ് നമ്മള്‍. എന്നാല്‍ പരിശ്രമങ്ങളേക്കാള്‍ വലുതല്ല തോല്‍വി എന്നു വ്യക്തമാക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.

ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്ന ആറു പെണ്‍കുട്ടികളാണ് വീഡിയോയില്‍. എന്നാല്‍, അതിലൊരു പെണ്‍കുട്ടി നില്‍ക്കുന്നത് ക്രച്ചസുമായിട്ടാണ്. ഓട്ടം തുടങ്ങിയപ്പോഴേക്കും ഒപ്പമുള്ളവരെല്ലാം കുതിച്ചു പാഞ്ഞിട്ടും അവള്‍ മത്സരത്തില്‍ നിന്നും പിന്മാറിയില്ല. തന്നെക്കൊണ്ട് കഴിയുന്നത്ര വേഗതയില്‍ ക്രച്ചസും താങ്ങി ഓടി. ഈ കൊച്ചുപെണ്‍കുട്ടിയുടെ ആത്മാര്‍ഥത കാണികളുടേയും കണ്ണുനിറച്ചു. കൂടെയുണ്ടായിരുന്നവര്‍ ഓടി ലക്ഷ്യസ്ഥാനത്തെത്തിയിട്ടും അവള്‍ ഫിനിഷിങ് പോയിന്റ് എത്തിയതിനു ശേഷം മാത്രമേ ഓട്ടം നിര്‍ത്തിയുള്ളൂ.

‘അസാധ്യം’ എന്നത് വെറുമൊരു ഒഴിവുകഴിവു മാത്രമാണെന്ന് പറഞ്ഞുകൊണ്ട് സുശാന്ത് നന്ദ എന്ന ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.
ഒരു കുറവുകള്‍ ഇല്ലാതിരുന്നിട്ടും സാഹചര്യങ്ങളെ പഴി പറഞ്ഞ് പരിശ്രമിക്കാതിരിക്കുന്നവര്‍ക്ക് മാതൃകയാണ് ഈ പെണ്‍കുട്ടി എന്നു പറഞ്ഞാണ് സമൂഹമാധ്യമത്തില്‍ വീഡിയോ വൈറലാകുന്നത്.