പ്രധാനമന്ത്രിയുടെ ഭക്ഷണത്തിന്റെ ചിലവ് വഹിക്കുന്നത് സ്വന്തം പണം കൊണ്ട്; വിവരാവകാശത്തിന് മറുപടി

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭക്ഷണത്തിന്റെ ചെലവ് അദ്ദേ​​ഹം സ്വയം വഹിക്കുകയാണെന്ന് കേന്ദ്രസർക്കാർ. വിവരാവകാശ രേഖ വഴി ചോദിച്ച ചോദ്യത്തിനാണ് പ്രധാനന്ത്രിയുടെ ഓഫീസിന്റെ മറുപടി. മോദി കഴിക്കുന്ന വിലകൂടിയ ഭക്ഷണത്തിനായി സർക്കാർ വൻ തുകയാണ് ചെലവഴിക്കുന്നതെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രധാനമന്ത്രിയുടെ ഭക്ഷണത്തിനായി സർക്കാർ ബജറ്റിൽ നിന്ന് ഒരു രൂപ പോലും ചെലവഴിക്കുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ബിനോദ് ബിഹാരി സിംഗ് വിവരാവകാശ രേഖയ്ക്ക് മറുപടി നൽകി.

പ്രധാനമന്ത്രിയുടെ ആഹാരത്തിന്റെ കാര്യത്തിൽ നിരവധി വിവാദങ്ങളും ആക്ഷേപങ്ങളും നിലനിൽക്കുന്നതിനിടെയാണ് മറുപടി. പ്രധാനമന്ത്രിയുടെ വസതിയും (പിഎം ആവാസ്) കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ സംരക്ഷണത്തിലാണ്. അതേസമയം വാഹനങ്ങളുടെ ചുമതല എസ്പിജിക്കാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് പാർലമെന്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, 2015 മാർച്ച് രണ്ടിന് ബജറ്റ് സമ്മേളനത്തിനിടെ പാർലമെന്റ് ഹൗസിന്റെ ഒന്നാം നിലയിലെ കാന്റീനിൽ എത്തി എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

പാർലമെന്റിൽ പ്രവർത്തിക്കുന്ന കാന്റീനുമായി ബന്ധപ്പെട്ട് നിലവിലെ സർക്കാർ നിരവധി പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. ലോക്‌സഭാ സ്പീക്കർ ഓം ബിർള 2021 ജനുവരി 19ന് പാർലമെന്റിന്റെ കാന്റീനിൽ എംപിമാർക്ക് നൽകിയിരുന്ന സബ്‌സിഡി നിർത്തലാക്കിയിരുന്നു. 2021ന് മുമ്പ് പാർലമെന്റ് കാന്റീനുകളിൽ സബ്‌സിഡി ഇനത്തിൽ 17 കോടി രൂപ ചെലവഴിച്ചിരുന്നു.