രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ മാറ്റിമറിച്ച വ്യക്തി, എം. എസ് സ്വാമിനാഥന്റെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി : ഇന്ത്യൻ കാർഷിക വിപ്ലവത്തിന്റെ പിതാവ് എം. എസ് സ്വാമിനാഥന്റെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനം ദശലക്ഷക്കണക്കിന് ജീവിതങ്ങളെ മാറ്റിമറിച്ചതായി പ്രധാനമന്ത്രി ഓർമ്മിച്ചു.

കാർഷിക രംഗത്ത് വരുത്തിയ വിപ്ലവകരമായ സംഭാവനകൾക്കപ്പുറം നിരവധി പ്രതിഭകൾക്ക് മാർഗ്ഗനിർദ്ദേശം പകർന്ന വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മാർഗ്ഗ നിർദ്ദേശം എണ്ണമറ്റ ഗവേഷകർക്ക് പ്രചോദനം പകർന്നു.അദ്ദേഹവുമായുള്ള സംഭാഷണ നിമിഷങ്ങൾ ഇപ്പോഴും ഓർക്കുന്നു. ഇന്ത്യയുടെ പുരോഗതിക്കായി അദ്ദേഹം കാണിച്ച അഭിനിവേശം മറക്കാൻ സാധിക്കില്ല.

ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ പ്രയത്‌നിച്ച വ്യക്തിയാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പുരോഗതിക്കായി അദ്ദേഹം കാണിച്ച അഭിനിവേശം മറക്കാൻ സാധിക്കാത്തതാണ്. അദ്ദേഹം ഇനിയുള്ള തലമുറകൾക്കും പ്രചോദനം പകരും. പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥന്‍ (98) ചെന്നൈയിലെ വസതിയിൽവെച്ച് ഇന്നായിരുന്നു മരണത്തിന് കീഴടങ്ങിയത്. ദീര്‍ഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു.