കൂട്ടഅവധി അനുവദിക്കില്ല, പോലീസ് ഉദ്യോഗസ്ഥർ അവധിയെടുക്കുന്നതിൽ നിയന്ത്രണം

തൃശൂർ : ജില്ലാ റൂറൽ പോലീസ് ഉദ്യോഗസ്ഥർ അവധിയെടുക്കുന്നതിൽ നിയന്ത്രണം. തൃശൂർ എസ്പി നവനീത് ശർമ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തുവിട്ടു. അവധിയെടുക്കുന്നതിനായി ബോധിപ്പിക്കുന്ന കാരണം സത്യമാണോ എന്ന് എസ്എച്ചഒമാർ അന്വേഷണം നടത്തി ഉറപ്പുവരുത്തണം. എസ്എച്ച്ഒയുടെ ശുപാർശയില്ലാതെ മെഡിക്കൽ അവധി നൽകില്ല തുടങ്ങിയ നിയന്ത്രണങ്ങൾ ഉണ്ട്.

ഒരു സ്റ്റേഷനിൽ നിന്ന് തന്നെ കൂടുതൽ പേർ അവധിക്ക് അപേക്ഷിക്കുന്നു. അതേ സ്റ്റേഷനിൽ തന്നെ മെഡിക്കൽ അവധിയിലും പ്രവേശിക്കുന്നു. ഉദ്യോഗസ്ഥർ കൂട്ടമായി മെഡിക്കൽ അവധിയെടുക്കുന്നത് വർദ്ധിച്ചതോടെയാണ് എസ്പി ഉത്തരവ് ഇറക്കിയയത്. 10 ദിവസത്തിൽ കൂടുതൽ അവധി വേണ്ടവർ വ്യക്തമായ കാരണം ബോധിപ്പിക്കണം.

അവധിക്കായി ബോധിപ്പിച്ചിരിക്കുന്ന കാരണം വിശ്വാസ്യത ഇല്ലാത്തതാണെങ്കിൽ അവധിയിൽ നിന്ന് ഉദ്യോഗസ്ഥരെ തിരികെ വിളിപ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ അവധി പരമാവധി കുറയ്ക്കണം എന്നാണ് നിർദേശം.