സനുമോഹന്‍ സൈക്കോയോ ക്ലാസിക് ക്രിമിനലോ? ആത്മഹത്യ ശ്രമമെന്ന കെട്ടുകഥയും ഉല്ലാസയാത്രയും

കൊച്ചി: മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചുവെന്ന സനു മോഹന്റെ വാദം വെറു കെട്ടുകഥയാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കടബാദ്ധ്യതകള്‍ കാരണം മകളെ കൊന്നെന്നും പല തവണ ആത്മഹത്യക്ക് ശ്രമിച്ചെന്നുമുള്ള സനുവിന്റെ വാദങ്ങള്‍ ശരിവയ്‌ക്കുന്ന ഒന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല. ഇതോടെ ഇയാള്‍ ബുദ്ധിമാനായ സൈക്കോയാണോ സമര്‍ഥനായ കുറ്റവാളിയാണോ എന്ന് തിരിച്ചറിയാനുള്ള യത്‌നത്തിലാണ് അന്വേഷണ സംഘം. ഇയാളുടെ മനൊനില പരിശോധിക്കാനും ആലോചനയുണ്ട്

മകള്‍ വൈഗയെ കൊല്ലാന്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നാണ് ഇപ്പോള്‍ അന്വേഷണ സംഘം പരിശോധിക്കുന്നത്. മകളെ കൊന്ന് ഗോവയിലും കോയമ്ബത്തൂരിലും ബാംഗ്ലൂരുവിലും പോയി ഉല്ലസിക്കുകയായിരുന്നു ഇയാള്‍. ഇതാണ് സാനുവിന്റെ മാനസിക നില പരിശോധിക്കണമെന്ന നിലപാടിലേക്ക് പൊലീസ് എത്തിയത്. അതേസമയം കേസില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കാനാവുന്ന സനു മോഹന്റെ ഭാര്യ രമ്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

സനു മോഹനെതിരേയുള്ള സാമ്ബത്തിക തട്ടിപ്പു കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് കൊച്ചി ഡി.സി.പി. ഐശ്വര്യ ഡോംഗ്‌റെ പറഞ്ഞു. മഹാരാഷ്ട്ര പൊലീസുമായി സഹകരിച്ചാണ് അന്വേഷണം നടത്തുക. 2017-ലാണ് മഹാരാഷ്ട്ര പൊലീസ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം ഇയാളുമായുള്ള കേരളത്തിനു പുറത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഇന്ന് തൃക്കാക്കര സി.ഐ. കെ. ധനപാലന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊച്ചിയിലെത്തും.

സനുവിനെ പിടികൂടിയ കാര്‍വാര്‍ ബീച്ചില്‍ ഞായറാഴ്ച തെളിവെടുപ്പ് നടത്തി. മുരുഡേശ്വറിലും സമീപ പ്രദേശങ്ങളിലുമെത്തി തെളിവ് ശേഖരിച്ച ശേഷം ഞായറാഴ്ച രാത്രിയോടെ പ്രതിയെ കൊല്ലൂരിലെത്തിച്ചു. ഒളിവില്‍ കഴിഞ്ഞിരുന്ന ഹോട്ടലുകളിലെ ജീവനക്കാരെല്ലാം ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച മൂകാംബിയിലും ഇതിനു സമീപത്തുള്ള ബീന റെസിഡന്‍സി ഹോട്ടലിലും തെളിവെടുപ്പ് നടത്തും. മടങ്ങിയെത്തിയ ശേഷം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം വീണ്ടും ചോദ്യം ചെയ്യും.

അന്വേഷണ സംഘം കൊച്ചിയില്‍ തിരിച്ചെത്തിയാല്‍ സിറ്റി പൊലീസ് കമ്മീഷ്ണറുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേരും. സനുവിന്റെ ആലപ്പുഴയിലെ ബന്ധുക്കളോടും സുഹൃത്തുക്കളോടും അടുത്ത ദിവസങ്ങളില്‍ കൊച്ചിയിലെത്താന്‍ അറിയിച്ചിട്ടുണ്ട്. ഇവരെ ഒപ്പം നിര്‍ത്തി സനുവിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യുക. ഇതിനിടെ വൈഗയെ മുട്ടാര്‍ പുഴയില്‍ തള്ളാനും ഒളിവില്‍ പോവാനും ഉപയോഗിച്ച കാറിന്റെ ശാസ്ത്രീയ പരിശോധന ഫലം ഉടന്‍ ലഭിക്കും. ഈ മാസം 29 വരെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്.