പോളിം​ഗ് ഉദ്യോ​ഗസ്ഥരുടെ പട്ടിക ചോർന്നു, എൽഡി ക്ലർക്കിന് സസ്പെൻഷൻ, സിപിഎം അനുകൂല സം​ഘടന ചോർത്തിയെന്ന് പരാതി 

പത്തനംതിട്ട : പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവത്തിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ. എൽഡി ക്ലർക്ക് യദു കൃഷ്ണനെയാണ് കളക്ടർ എസ്. പ്രേം കൃഷ്ണൻ സസ്പെൻഡ് ചെയ്തത്. ഇയാളുടെ കൈയിൽ നിന്നാണ് പട്ടിക വാട്സ്ആപ്പ് ​ഗ്രൂപ്പുകളിലേക്ക് ചോർന്നത്. വിവരമറിഞ്ഞപ്പോൾ ഉദ്യോ​ഗസ്ഥരെ മാറ്റി പ്രശ്നം പരിഹരിച്ചെന്ന് ജില്ലാ വരണാധികാരി അറിയിച്ചു.

ഫ്ലെക്സ് അടിക്കാൻ പി ഡി എഫ് ആയി നൽകിയ പട്ടിക അബദ്ധത്തിൽ ഉദ്യോഗസ്ഥ ഗ്രൂപ്പിലേക്ക് പോയി. കൂടുതൽ പേർക്ക് പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു. വീഴ്ചയിൽ ക്രിമിനല്‌ നടപടിയെടുക്കും. സൈബർ സെല്ലിന് പരാതി നൽകും. ചീഫ് ഇലക്ടറൽ ഓഫീസർക്ക് റിപ്പോർട്ട്‌ നൽകും. ജില്ലയിലെ മുഴുവൻ ഉദ്യോഗസ്ഥരെയും രാത്രി തന്നെ പുനർവിന്യസിച്ചതായും കളക്ടർ.

സംഭവത്തിന് പിന്നാലെ ഉടൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി പത്തനംതിട്ട കലക്ടറേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇടത് അനികൂല സംഘടനകളിൽപ്പെട്ട ജീവനക്കാർ വഴി പട്ടിക ചേർന്നു എന്നാരോപിച്ചാണ് പ്രതിഷേധിച്ചത്.

പോളിം​ഗ് ബൂത്തുകളുടെ വിവരവും അവിടെ നിയോ​ഗിക്കപ്പെട്ടിട്ടുള്ള ഉദ്യോ​ഗസ്ഥരുടെ പേരും മേൽവിലാസവും ഫോൺ നമ്പർ സഹിതം സിപിഎം ഓഫീസുകളിലും പാർ‌ട്ടി പ്രവർത്തകർക്കും എത്തിച്ച് കൊടുത്തു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ന​ഗ്നമായ ലംഘനവും കള്ളവോട്ട് ചെയ്യുന്നതിനും ഉദ്യോ​ഗസ്ഥരെയും സ്വാധീനിക്കുന്നതിനും കാരണമാകുമെന്നും ആന്റോ ആന്റണി ആരോപിച്ചു