മാസപ്പടിക്കേസ്, മുഖ്യമന്ത്രിക്കും മകൾക്കും നിർണായകം, മൂന്നു രേഖകൾ കൂടി ഹാജരാക്കി മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കുരുക്ക് മുറുക്കാൻ മാത്യു കുഴൽനാടൻ. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരനായ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടൻ മൂന്ന് രേഖകള്‍ കോടതിയില്‍ ഹാജരാക്കി. അടുത്ത മാസം മൂന്നിന് വിധി പറയും.

സിഎംആര്‍എല്ലിന് ഭൂപരിധി ലംഘിച്ച് ഇളവ് അനുവദിക്കണമെന്ന അപേക്ഷയില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിന്‍റെ മിനുട്സ് ഉള്‍പ്പെടെയാണ് ഹർജിക്കാരൻ ഹാജരാക്കിയത്. ഇതിനിടെ സിഎംആര്‍എല്‍ കമ്പനിക്ക് സര്‍ക്കാര്‍ പ്രത്യേക സഹായം നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍ മാത്യു കുഴല്‍നാടന് ഹാജരാക്കാനായില്ലെന്ന് വിജിലന്‍സ് കോടതിയില്‍ വാദിച്ചു.

അഴിമതി നിരോധന പരിധിയിൽ വരുന്ന ആരോപണം അല്ലെന്നും വിജിലന്‍സ് അഭിഭാഷകൻ വാദിച്ചു. ഭൂപരിഷ്കരണ നിയമം ലഘൂകരിച്ച് ഭൂമി പതിച്ചു നൽകണമെന്ന് സിഎംആര്‍എല്ലിന്‍റെ അപേക്ഷ നിരസിച്ചതാണെന്നും വിജിലൻസ് വ്യക്തമാക്കി.

അതേ സമയം അപേക്ഷ പൂർണമായും നിരസിച്ചതല്ലെനും പുതിയ പ്രോജക്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് താൽക്കാലികമായി തള്ളിയതാണെനും കുഴൽ നാടന്‍റെ അഭിഭാഷകൻ വാദിച്ചു. വാദം പൂര്‍ത്തിയായതോടെയാണ് ഹര്‍ജിയില്‍ വിധി പറയാൻ മാറ്റിവച്ചത്.