പൃഥ്വിരാജിന് സിനിമാ ചിത്രീകരണത്തിനിടെ പരുക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഇന്ന് ശസ്ത്രക്രിയ

പൃഥ്വിരാജിന് സിനിമാ ചിത്രീകരണത്തിനിടെ കാലിനു പരുക്കേറ്റു. മറയൂരിൽ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു താരത്തിനു പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പൃഥ്വിയെ ഇന്ന് ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. ഡബിൾ മോഹനൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ, സൗദി വെള്ളക്ക എന്നീ സിനിമകൾക്ക് ശേഷം ഉർവശി തിയറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് വിലായത്ത് ബുദ്ധ. അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമ എന്ന പ്രത്യേകതയും ‘വിലായത്ത് ബുദ്ധ’യ്ക്കുണ്ട്. സച്ചിയുടെ ശിഷ്യനും ലൂസിഫറിൽ സഹസംവിധായകനുമായിരുന്ന ജയൻ നമ്പ്യാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി.ആർ ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. കന്നഡയിലെ ഈ വർഷത്തെ മെ?ഗാഹിറ്റ് ചിത്രം ‘777 ചാർലി’യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ ബെൽബോട്ടം ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്. ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ്ങാണ് മറയൂരിൽ പുരോഗമിക്കുന്നത്. ഷമ്മി തിലകൻ, അനു മോഹൻ, പ്രിയംവദ കൃഷ്ണൻ, ടി.ജെ. അരുണാചലം എന്നിവരും ചിത്രത്തിലുണ്ട്.