800 രൂപയും ചെലവും തരു കെഎസ്ആര്‍ടിസി ഞങ്ങള്‍ ലാഭത്തിലാക്കാം; വൈറലായി കുറിപ്പ്

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുമ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് വൈറലായിരിക്കുകയാണ്. കെഎസ്ആര്‍ടിസി എംഡിക്ക് എന്ന പേരിലാണ് കുറിപ്പ് പ്രചരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരുടെ മോശം പെരുമാറ്റവും കെഎസ്ആര്‍ടിസിയെ നിരവധി തവണയാണ് വിവാദത്തിലാക്കിയത്. ഈ സാഹചര്യത്തിലാണ് ഈ കുറിപ്പ് വൈറലാകുന്നത്.

പ്രിയപ്പെട്ട കെഎസ്ആര്‍ടിസി എംഡി, 800 രൂപയും ചെലവും ദിവസക്കൂലിയായി തരൂ. ഞങ്ങള്‍ ഓടിച്ചോളം വണ്ടി. ഒരു പെന്‍ഷനും വേണ്ട പറ്റുമോ. 5000 രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ വന്നാല്‍ പിന്നീടുള്ള കളക്ഷന് 100 രൂപയ്ക്ക് അഞ്ച് രൂപ ബത്തയും തന്നാല്‍ കളക്ഷന്‍ ഉണ്ടാക്കുന്നത് ഞങ്ങള്‍ കാണിച്ച് തരാം. തൊഴിലില്ലാത്ത പരിനായിരക്കണക്കിന് ചെറുപ്പക്കാര്‍ പുറത്ത് നില്‍ക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികള്‍ നെടുവീര്‍പ്പെടുന്നത്. ആദ്യം പണിയെടുക്കു, എന്നിട്ടാവാം അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം. എന്ന് പാവം പ്രൈവറ്റ് ബസ് ഡ്രൈവര്‍. ഇതാണ് ഒരു പ്രൈവറ്റ് ബസ് ഡ്രൈവര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പ്. സേവ് കെഎസ്ആര്‍ടിസി എന്ന ഹാഷ്ടാഗോടെയാണ് കുറിപ്പ് പ്രചരിക്കുന്നത്. ജോലി സമയം 12 മണിക്കൂര്‍ ആക്കിയതിന് പിന്നാലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു പിന്നീട് ഇത് പിന്‍വലിച്ചു.

അതേസമയം ഒരു മാസം തന്നെ 400 ല്‍ അധികം പരാതികളാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ വിവിധ സ്ഥലങ്ങളില്‍ ലഭിക്കുന്നത്. യാത്രക്കാരോട് മോശായി പെരുമാറിയത് ഉള്‍പ്പടെയുള്ളതാണ് പരാതികളാണ് കൂുതലും ലഭിക്കുന്നത്. 400 പരാതികള്‍ ലഭിച്ചപ്പോള്‍ 50 സസ്പെന്‍ഷന്‍ ഉത്തരവുകളാണ് ഉണ്ടായത്. പരാതിക്കാരില്‍ 80 ശതമാനം പേര്‍ രേഖമൂലം പരാതി നല്‍കിയതായിട്ടാണ് വിവരം. കണ്‍ട്രോള്‍ റൂമിലും സ്റ്റേഷന്‍മാസ്റ്റര്‍ ഓഫീസിലും പരാതിപ്പെട്ട് മടങ്ങുന്നവര്‍ നിരവധി പേരാണ്. എന്നാല്‍ ഗുരുതരമല്ലാത്ത പരാതികള്‍ താക്കിത് നല്‍കുകയാണെന്ന് ചെയ്യുന്നതെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നു.

കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ സ്ഥലത്തെ പിരിമുറുക്കവുമാണ് ഇത്തരത്തില്‍ ഉള്ള ഒരു അവസ്ഥയ്ക്ക് കാരണമെന്നാണ് സൂചന. യാത്രക്കാരില്‍ നിന്നും കെഎസ്ആര്‍ടിസി ജീവനക്കാരെ കുറ്റപ്പെടുത്തുന്ന രീതിയില്‍ ഉയരുന്ന ആരോപണങ്ങളും ജീവനക്കാരെ പ്രകോപിപ്പിക്കുന്നുണ്ട്. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക തകര്‍ച്ചയ്ക്ക് ജീവനക്കാരാണ് കാരണമെന്നാണ് പൊതുവെ ജനങ്ങള്‍ വിലയിരുത്തുന്നത്.

കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം ജീവനക്കാര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയാണ് ഉള്ളത്. എന്നാല്‍ ഇവര്‍ക്ക് ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷവും അല്ല കെഎസ്ആര്‍ടിസിയില്‍. ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരാണ് കെഎസ്ആര്‍ടിസിയില്‍. ഇവര്‍ ജോലി തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചെയ്യുന്ന തൊഴില്‍ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. പുലര്‍ച്ചെ ജോലിക്ക് കയറേണ്ടിവരുന്നതും രാത്രി വൈകി ഇറങ്ങേണ്ടിവരുന്നതുമൊക്കെ വനിതാ കണ്ടക്ടര്‍മാരിലും അസംതൃപ്തി പടര്‍ത്തുന്നുണ്ട്.