ഇന്ന് മുതൽ ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്കും കാറ്റിനും സാദ്ധ്യത: കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

ഇന്ന് മുതൽ ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്കും കാറ്റിനും സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര ജില്ലകളിൽ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലുമുണ്ടാകും. ഇന്ന് കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. വെള്ളിവരെ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ 50 കി.മീ. വരെ വേഗത്തിൽ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

ഭാരതപ്പുഴ, പെരിയാർ, ലോവർ പെരിയാർ, അപ്പർ പെരിയാർ, പമ്പ, ചാലക്കുടി നദീതീരങ്ങളിൽ 26 മുതൽ 37 മി.മീറ്റർ വരെയും മീനച്ചിൽ, അച്ചൻകോവിൽ നദീതീരങ്ങളിൽ 11 മുതൽ 25 മി.മീറ്റർ വരെയും മഴയ്‌ക്ക് സാദ്ധ്യത. വ്യാഴം കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്.

കാറ്റ് ശക്തമാകും: മരങ്ങൾ കടപുഴകാനും ചില്ലകൾ ഒടിയാനും സാദ്ധ്യതയുള്ളതിനാൽ മരച്ചുവട്ടിൽ നിൽക്കാനോ വാഹനം പാർക്ക് ചെയ്യാനോ പാടില്ല. അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപെട്ടാൽ തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണം. ഉറപ്പില്ലാത്ത പരസ്യ ബോർഡ്, ഇലക്ട്രിക് പോസ്റ്റ്, കൊടിമരം എന്നിവ ബലപ്പെടുത്തുകയോ അഴിച്ചുവയ്‌ക്കുകയോ വേണം. കാറ്റ് വീശുമ്പോൾ ജനലും വാതിലും അടച്ചിടണം.

ഓല മേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ 1077 എന്ന നമ്പരിൽ ബന്ധപ്പെട്ട് സുരക്ഷിത ഇടങ്ങളിലേക്ക് മാറണം. വൈദ്യുതി കമ്പിയും പോസ്റ്റും വീഴുന്നത് ശ്രദ്ധയിൽപെട്ടാൽ 1912, 1077 എന്നീ നമ്പരുകളിൽ വിവരം അറിയിക്കണം. നേരിട്ട് അറ്റകുറ്റപ്പണി ചെയ്യരുത്. അതിരാവിലെ ജോലിക്കും മറ്റും ഇറങ്ങുന്നവർ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. നിർമാണ ജോലിയിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ സുരക്ഷിത ഇടത്തേക്ക് മാറണമെന്നും നിർദ്ദേശമുണ്ട്.