രാജസ്ഥാനിൽ ഇന്ന് ജനവിധി, 199 മണ്ഡലങ്ങൾ ബൂത്തിലേക്ക്

രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്. 200 മണ്ഡലങ്ങളിൽ 199 ഇടത്ത് ഇന്ന് വോട്ടെടുപ്പ് നടക്കും. കോൺഗ്രസ് സ്ഥാനാർത്ഥി മരിച്ചതിനാൽ കരൺപൂർ മണ്ഡലത്തിൽ പോളിംഗ് പിന്നീടാകും നടക്കുക. 1875 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ 7 മണി മുതലാണ് തെരഞ്ഞെടുപ്പ്. അഞ്ച് കോടിയലധികം വോട്ടർമാർക്കായി 51,756 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗലോട്ട് ജോധ് പൂരിലെ സർദാർ പുരയിലും, ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ ഝൽറാ പതാനിലും വോട്ട് രേഖപ്പെടുത്തും.

മുൻകാലങ്ങളിലേത് പോലെ തരംഗമില്ലെങ്കിലും മോദി മുഖമായ തെരഞ്ഞെടുപ്പിലൂടെ ഭരണമാറ്റത്തിനാണ് ബിജെപിയുടെ ശ്രമം. രാജസ്ഥാനിൽ മാത്രമല്ല മോദി മുന്നിൽ നിന്ന് നയിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും വിജയിക്കുമെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഭരണ വിരുദ്ധ വികാരമില്ലെന്നാണ് കോൺഗ്രസ് വാദം. എന്നാൽ മുഖ്യമന്ത്രി അശോക് ഗലോട്ടിൻറെയും സച്ചിൻ പൈലറ്റിൻറെയും തമ്മിലടി ഗുജ്ജർ വോട്ടിലടക്കം ഉണ്ടാക്കാവുന്ന തിരിച്ചടിയിൽ കോൺഗ്രസിന് ആശങ്കയുണ്ട്. രാജേഷ് പൈലറ്റിനോടുള്ള വിരോധത്തിൽ സച്ചിനെ കോൺഗ്രസ് വഞ്ചിച്ചുകൊണ്ടേയിരിക്കുന്നുവെന്ന പരാമർശം പ്രചാരണത്തിൻറെ അവസാന ദിനം പ്രധാനമന്ത്രി തൊടുത്തു വിട്ടതും കൃത്യമായ ലക്ഷ്യത്തോടെയാണെന്ന് വ്യക്തമാണ്