തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങൾ രാജ്‌നാഥ് സിംഗ് സൈന്യത്തിന് കൈമാറി.

ന്യൂഡൽഹി. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങൾ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സൈന്യത്തിന് കൈമാറി. സൈനികന്റെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കാനുതകുന്ന സംവിധാനമായ ഫ്യൂച്ചർ ഇൻഫൻട്രി സോൾജിയർ എന്ന സിസ്റ്റമാണ് (എഫ്-ഐഎൻഎസ്എഎസ്) ഇന്ത്യൻ സൈന്യത്തിന് കൈമാറിയി രിക്കുന്നത്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, ലഫ്റ്റനന്റ് ജനറൽ ഹർപാൽ സിംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രതിരോധ മന്ത്രി എഫ്-ഐഎൻഎസ്എഎസ് സിസ്റ്റം കൈമാറുന്നത്.

നിലങ്ങളിലോ സമീപത്തോ സ്ഥാപിക്കുന്ന ചെറിയ സ്‌ഫോടക വസ്തുക്കളായ ആന്റി – പേഴ്‌സണൽ ലാൻഡ് മൈനുകളും മന്ത്രി രാജ്‌നാഥ് സിംഗ് സൈന്യത്തിന് കൈമാറുകയുണ്ടായി. നിപുൺ എന്ന മൈനുകൾ പാംഗോങ്ങ് തടാകത്തിലെ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

300 മീറ്റർ ദൂരപരിധിയുള്ള, ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ ആയുധ സംവിധാനമാണ് എഫ്-ഐഎൻഎസ്എഎസ്. സംവിധാനത്തിൽ സൈനികർക്ക് ഒരു ബാലിസ്റ്റിക് ഹെൽമറ്റ്, ബാലിസ്റ്റിക് ഗോഗിൾസ്, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, എൽബോ-പാഡുകൾ, കാൽമുട്ട് പാഡുകൾ എന്നിവ ഉൾപ്പെടും. പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്നും എകെ 47 റൈഫിളിൽ നിന്നും 9 എംഎം ബുള്ളറ്റ് പോലുള്ള മാരകായുധങ്ങളിൽ നിന്നും സംരക്ഷണം നൽകാൻ ശേഷിയുള്ള ഹെൽമെറ്റും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഇതിൽ പെടും.

രാത്രി കാലങ്ങളിൽ സൈനികർക്ക് മികച്ച രീതിയിൽ പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നതിനായി ഹെൽമറ്റിൽ ഘടിപ്പിച്ചിരിക്കുന്ന നൈറ്റ് വിഷൻ ഉപകരണങ്ങൾ (എൻവിഡി), ആപത് ഘട്ടത്തിലും ആശയവിനിമയം നടത്താൻ കഴിയുന്ന ഹാൻഡ്സ് ഫ്രീ ഹെഡ് കമാൻഡറും ഹെഡ്സെറ്റ് എന്നിവയും സംവിധാനത്തിൽ ഉൾപ്പെടുന്നുണ്ട്.

പുതിയ ആയുധ സംവിധാനങ്ങളെക്കുറിച്ച് ഒരു കരസേന സൈനികൻ, സൈനികർക്ക് വിശദീകരണം നൽകുകയുണ്ടായി. സൈന്യത്തിനായി എകെ-203 തോക്കുകൾ ഇന്ത്യയും റഷ്യയും സംയുക്തമായി അമേഠിയിൽ നിർമിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. തദ്ദേശീയമായ ഉൽപ്പാദനം പരിപോഷിപ്പിക്കുന്നതിനായി കേന്ദ്രം ആരംഭിച്ച മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയ്‌ക്ക് കീഴിലാണ് ഇത്തരത്തിൽ പ്രതിരോധ സംവിധാനങ്ങൾ കൈമാറുന്നതെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. സായുധ സേനയ്‌ക്ക് ആവശ്യമായ ആയുധങ്ങൾ തദ്ദേശീയമായി നിർമ്മിക്കുന്നതിൽ കേന്ദ്ര സർക്കാർ നയപരമായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നതെന്ന് സൈന്യത്തിന്റെ ചീഫ് എഞ്ചിനീയർ ലഫ്റ്റനന്റ് ജനറൽ ഹർപാൽസിംഗ് പറഞ്ഞു