റോസലിന്‍ഡ് ജോര്‍ജ് കുഫോസ് വൈസ് ചാന്‍സലര്‍, ഗവര്‍ണറുടെ ഉത്തരവ്

തിരുവനന്തപുരം. കേരള ഫിഷറീസ്, സമുദ്ര പഠന സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. എം റോസലിന്‍ഡ് ജോര്‍ജിനെ നിയമിച്ചു കൊണ്ട് ഗവര്‍ണറുടെ ഉത്തരവ്. ഡോ. കെ റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഗവര്‍ണറുടെ ഉത്തരവ്. ഫിഷറീസ് സര്‍വകലാശാലയിലെ ഫിഷറീസ് ഫാക്കല്‍റ്റി ഡീനും ഏറ്റവും മുതിര്‍ന്ന പ്രൊഫസറുമാണ് റോസലിന്‍ഡ് ജോര്‍ജ്. നിലവിലെ ചുമതലകള്‍ക്ക് പുറമേ വിസിയുടെ ചുമതലയും ഉടന്‍ ഏറ്റെടുക്കണമെന്ന് ഗവര്‍ണറുടെ ഉത്തരവില്‍ പറഞ്ഞിരിക്കുന്നു.

ഹൈക്കോടതി വിധി ചോദ്യം ചെയ്ത് റിജി ജോണ്‍ നല്‍കിയ അപ്പീലില്‍ സുപ്രീംകോടതിയുടെ അന്തിമവിധി വരുന്നത് വരെയാണ് ചുമതല. വിസിയായുള്ള നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് റിജി ജോണ്‍ നല്‍കിയ അപ്പീലില്‍ കഴിഞ്ഞദിവസം എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവായിരുന്നു. ഹൈക്കോടതി ഉത്തരവു സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീം കോടതി, ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി വെക്കുകയാണ് ഉണ്ടായത്.

ഹൈക്കോടതി ഉത്തരവു സ്റ്റേ ചെയ്യണമെന്ന് ഡോ. റിജി ജോണിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്തയും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ കെ കെ വേണുഗോപാലും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാഴ്ചയ്ക്കു ശേഷം ഹര്‍ജിയില്‍ തിര്‍പ്പാക്കാമെന്ന നിലപാടാണ്, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സ്വീകരിക്കുന്നത്.

ഹര്‍ജി അനുവദിക്കുകയാണെങ്കില്‍ വിസി സ്ഥാനത്ത് റിജി ജോണിന് വീണ്ടും തുടരാന്‍ കഴിയുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്റ്റേ ഇല്ലെങ്കില്‍ യൂണിവേഴ്സിറ്റി ഭരണം നിശ്ചലമാവുമെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ രണ്ടാഴ്ചത്തേക്ക് ചാന്‍സലര്‍ക്കു താത്കാലിക സംവിധാനം ഉണ്ടാക്കാമെന്ന് കോടതി പറഞ്ഞിരുന്നു. പകരം നിയമനം ഹര്‍ജിയിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. ഇതേ തുടർന്നാണ് വൈസ് ചാന്‍സലറായി ഡോ. എം റോസലിന്‍ഡ് ജോര്‍ജിനെ നിയമിച്ചു കൊണ്ട് ഗവര്‍ണർ ഉത്തരവ് ഇറക്കിയത്.