വിഷുക്കണി ദർശനത്തിനൊരുങ്ങി ശബരിമല, പുലർച്ചെ 4 മുതൽ 7 വരെ ദർശനം

ശബരിമലയിൽ മേട വിഷു നാളായ ഏപ്രിൽ 14ന് പുലർച്ചെ 4ന് നട തുറക്കും. പുലർച്ചെ 4 മുതൽ 7 വരെ വിഷുക്കണി ദർശനം. വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങളിലാണ് ശബരിമല അയ്യപ്പ സന്നിധാനം. ഇന്ന് രാത്രി 9:30ന് അത്താഴ പൂജയ്ക്ക് ശേഷം ശ്രീകോവിലിൽ ഓട്ടുരുളിയിൽ കലിയുഗവരദൻറെ മുന്നിൽ വിഷുക്കണി ഒരുക്കും. തുടർന്ന് ഹരിവരാസനം പാടി തിരുനട അടയ്ക്കും.

വിഷു ദിവസമായ മേടം ഒന്നിന് പുലർച്ചെ 4 മണിക്കാണ് തിരുനട തുറക്കുക. നട തുറന്ന് ശ്രീകോവിലിൽ വിളക്കുകൾ തെളിച്ച് ആദ്യം അയ്യപ്പ സ്വാമിയെ വിഷുക്കണി കാണിയ്ക്കും. പിന്നീട് ഭക്തർക്ക് വിഷുകണിദർശനത്തിനായി നടതുറന്നു കൊടുക്കും. ഭക്തർക്ക് തന്ത്രിയും മേൽശാന്തിയും കൈനീട്ടവും നൽകും. 4 മുതൽ 7 മണിവരെ വിഷുക്കണി ദർശനം ഉണ്ടാകും.തുടർന്ന് പതിവ് അഭിഷേകവും ഉഷപൂജയും നെയ്യഭിഷേകവും നടക്കും.

ഉച്ചക്ക് 1 മണിക്ക് തിരുനട അടയ്ക്കും വൈകുന്നേരം 5 മണിക്ക് തിരുനട വീണ്ടും തുറക്കും. രാത്രി 10 ന് ഹരിവരാസനം പാടി തിരുനട അടയ്ക്കും. മേടമാസ പൂജകൾ പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18ന് രാത്രി പത്തിന് തിരുനട അടയ്ക്കും. മണ്ഡല മകര വിളക്ക് ഉത്സവകാലത്തിനൊപ്പം തന്നെ പ്രാധാന്യമാണ് ശബരിമലയിൽ വിഷുവിനും ഉള്ളത്. അതിനാൽ തന്നെ ദേവസം ബോർഡും സർക്കാർ വകുപ്പുകളും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.