മനുഷ്യ സ്പര്‍ശമേറ്റാല്‍ ലൈംഗികാവയവം ചുരുങ്ങുന്ന അവസ്ഥ, എല്ലാം അറിഞ്ഞും അവളെ പൊന്നുപോലെ നോക്കുന്ന ഭര്‍ത്താവ്

മനുഷ്യ സ്പര്‍ശം ഏല്‍ക്കുമ്പോള്‍ ലൈംഗികാവയവം ചുരുങ്ങുന്ന ശാരീരികാവസ്ഥയായ വജൈനിസ്മസ് ആയിരുന്നു രേവതിക്ക്. എന്നാല്‍ അവളുടെ പോരായ്മകള്‍ അറിഞ്ഞ് അവളെ ഇരു കൈകളും നീട്ടി ചിന്മയ് സ്വീകരിച്ചു. രേവതി രോഗത്തെ കുറിച്ച് അത്രയധികം ബോധവതിയായിരുന്നില്ല. പക്ഷേ എല്ലാം അറിഞ്ഞ് താങ്ങു തണലുമായി അവള്‍ക്കൊപ്പം ചിന്മയ് ഉണ്ടായിരുന്നു. ഇവരുടെ ജീവിതം പറഞ്ഞ സന്ദീപ് ദാസ് നേരത്തെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോഴും ശ്രദ്ധേയമാകുന്നത്.

സന്ദീപ് ദാസിന്റെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ: ‘വജൈനിസ്മസ്’ എന്നൊരു രോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? മനുഷ്യസ്പര്‍ശമേല്‍ക്കുമ്പോള്‍ ലൈംഗികാവയവം ചുരുങ്ങുന്ന ശാരീരികാവസ്ഥയാണത്.സ്വാഭാവികമായും ഈ രോഗം ബാധിച്ചവര്‍ക്ക് സെക്‌സ് അസാദ്ധ്യമാകുന്നു.ഫോട്ടോയില്‍ക്കാണുന്ന രേവതി എന്ന പെണ്‍കുട്ടി വജൈനിസ്മസ് ബാധിതയാണ്. ഇരുപത്തിയഞ്ചാം വയസ്സിലാണ് രേവതി, ചിന്മയ് എന്ന യുവാവിനെ വിവാഹം കഴിക്കുന്നത്.അപ്പോള്‍ ഈ രോഗത്തെക്കുറിച്ച് രേവതി അത്രയേറെ ബോധവതിയായിരുന്നില്ല. തന്റെ ലൈംഗികാവയവത്തിന് എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്ന് മാത്രം അവര്‍ക്ക് തോന്നിയിരുന്നു.

ഈ ആശങ്ക ആദ്യരാത്രിയില്‍ത്തന്നെ രേവതി ഭര്‍ത്താവുമായി പങ്കുവെയ്ക്കുകയും ചെയ്തു.ചിന്മയിന്റെ മറുപടി ഇങ്ങനെയായിരുന്നു ”സാരമില്ല.എനിക്ക് സെക്‌സിന് ഒട്ടും ധൃതിയില്ല.ആദ്യം നമുക്ക് പരസ്പരം മനസ്സിലാക്കാം….” അഞ്ചുവര്‍ഷങ്ങള്‍ കൊഴിഞ്ഞുവീണു.വജൈനിസ്മസ് എന്നാല്‍ എന്താണെന്ന്. ിന്മയിനും രേവതിയ്ക്കും പൂര്‍ണ്ണമായും മനസ്സിലായി.ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഇന്നേവരെ ഇരുവര്‍ക്കും സാധിച്ചിട്ടില്ല.പക്ഷേ ആ ദാമ്പത്യം അതിസുന്ദരമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു !

ഇപ്പോള്‍ രേവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നു.ചികിത്സയിലൂടെയാണ്(ഐ.വി.എഫ്) രേവതി അമ്മയായത്.ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഈ ദമ്പതിമാരോട് ഒത്തിരി സ്‌നേഹവും ബഹുമാനവും തോന്നുന്നു. ആദ്യരാത്രിയില്‍ത്തന്നെ ഭാര്യയ്ക്കുമേല്‍ ‘ചാടിവീഴുന്ന’ ഭര്‍ത്താക്കന്‍മാരുണ്ട്. ഹണിമൂണ്‍ കഴിഞ്ഞാല്‍ സ്‌നേഹം കുറയുന്നവരുണ്ട്.ഭാര്യയുടെ ശരീരപ്രകൃതി മോശമായാല്‍ അവളോടുള്ള താത്പര്യം നഷ്ടപ്പെടുന്നവരും ധാരാളം.

ഭാര്യ മാറാരോഗം പിടിപെട്ട് കിടപ്പിലായാല്‍ ലൈംഗികതൃഷ്ണ ശമിപ്പിക്കാന്‍ മറ്റു വഴികള്‍ തേടുന്നവരെ കണ്ടിട്ടുണ്ട്.പങ്കാളി മരണമടഞ്ഞാല്‍ മാസങ്ങള്‍ക്കകം രണ്ടാമത് വിവാഹം കഴിക്കുന്നവരുമുണ്ട്.പെണ്ണിന്റെ ശരീരത്തെ മാത്രം സ്‌നേഹിക്കുമ്പോള്‍ ഉണ്ടാവുന്ന കാര്യങ്ങളാണിതെല്ലാം. സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും തുറന്നുപറയുന്ന സ്ത്രീകളെ തെറികള്‍ കൊണ്ട് അഭിഷേകം ചെയ്യുന്ന ആളുകളെ കണ്ടിട്ടില്ലേ? പെണ്ണിനെ മനുഷ്യജന്മമായി പരിഗണിക്കാത്തവരാണ് അത്തരക്കാര്‍.

അതുകൊണ്ടാണ് ചിന്മയ് ഒരു മഹാത്ഭുതമാകുന്നത്.അയാള്‍ രേവതിയുടെ മനസ്സാണ് കണ്ടത്.സെക്‌സ് മാത്രമല്ല പ്രധാനം എന്ന വസ്തുത മനസ്സിലാക്കാനുള്ള ഹൃദയവിശാലത ചിന്മയിന് ഉണ്ടായിരുന്നു! എളുപ്പത്തില്‍ തോല്‍വി സമ്മതിക്കാവുന്ന ഒരു ജീവിതമാണ് രേവതിയുടേത്.മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളിലൊന്നാണ് സെക്‌സ്.അത് സാധിക്കാത്ത അവസ്ഥ എത്ര ഭീകരമായിരിക്കും എന്ന് സങ്കല്‍പ്പിച്ചുനോക്കുക.എന്നിട്ടും അവര്‍ അടിയറവു പറഞ്ഞില്ല !

ഈ വാര്‍ത്തയോട് ചില മലയാളികള്‍ പ്രതികരിച്ച രീതി വല്ലാതെ നിരാശപ്പെടുത്തി.’ഭര്‍ത്താവുമായി സെക്‌സിലേര്‍പ്പെടാതെ സ്ത്രീ അമ്മയായി’ എന്ന തലക്കെട്ട് കണ്ടാല്‍ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന വിവരദോഷികള്‍ക്ക് ചിലതെല്ലാം മനസ്സില്‍ വരുമല്ലോ.അതൊക്കെ യാതൊരു ഉളുപ്പും ഇല്ലാതെ അവര്‍ സോഷ്യല്‍ മീഡിയയില്‍ ഛര്‍ദ്ദിച്ചുവെച്ചു ! ഇത്തരക്കാര്‍ ഇല്ലായിരുന്നുവെങ്കില്‍ എത്ര സുന്ദരമായേനേ ഈ ലോകം ! കുട്ടികളില്ലാത്ത പല സ്ത്രീകളും നമുക്കിടയില്‍ ജീവിക്കുന്നുണ്ട്.പലപ്പോഴും ബന്ധുക്കളും നാട്ടുകാരും അവരെ അധിക്ഷേപിക്കാറുണ്ട്.’ശപിക്കപ്പെട്ടവള്‍’ എന്ന് മുദ്രകുത്താറുണ്ട്.ഒരാളുടെ ശാരീരികാവസ്ഥ അയാളുടെ തെറ്റല്ല എന്ന കാര്യം പോലും മനസ്സിലാക്കപ്പെടാറില്ല.

പ്രസവിച്ചതുകൊണ്ട് മാത്രം ഒരാള്‍ക്ക് മഹത്വം കൈവരുന്നില്ല.ചോരക്കുഞ്ഞിനോട് ക്രൂരത കാട്ടുന്ന അമ്മമാരും ഉണ്ടല്ലോ.ഒരു കുഞ്ഞിനെ കിട്ടിയാല്‍ നിധി പോലെ സംരക്ഷിക്കാന്‍ തയ്യാറുള്ള ചില സ്ത്രീകള്‍ക്ക് സന്താനഭാഗ്യം ഉണ്ടാവാറുമില്ല.അത്തരക്കാരെ ഒരിക്കലും വേദനിപ്പിക്കരുത്.അവര്‍ കുഞ്ഞുങ്ങളെ അത്രയേറെ സ്‌നേഹിക്കുന്നവരാണ്… എല്ലാ വര്‍ഷവും നാം വനിതാദിനം ആഘോഷിക്കുന്നുണ്ട്.സ്ത്രീകള്‍ ഇപ്പോഴും ഒരുപാട് ദുരിതങ്ങള്‍ അനുഭവിക്കുന്നു.ചിന്മയിനെപ്പോലുള്ള പുരുഷന്‍മാര്‍ നിറഞ്ഞ ലോകമാണ് ഞാന്‍ സ്വപ്നം കാണുന്നത്.അങ്ങനെയെങ്കില്‍ സന്തോഷത്തോടെയും സമാധാനത്തോടെയും വനിതാദിനം ആഘോഷിക്കാം നമുക്ക്…