കലാപകാരികള്‍ കിഴക്കമ്പലം കത്തിച്ചപ്പോള്‍ മുഖ്യമന്ത്രി മിന്നല്‍ മുരളി കാണുകയായിരുന്നോയെന്ന് സന്ദീപ് വാര്യര്‍

കിഴക്കമ്പലത്ത് പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. സംസ്ഥാനത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാന തലസ്ഥാനത്തടക്കം ഗുണ്ടകള്‍ പരസ്യമായി അഴിഞ്ഞാടുന്നു . സ്ത്രീകളെ പോലും ആക്രമിക്കുന്നു . കൊലപാതകത്തിനു ശേഷം കാല്‍ വെട്ടി ദൂരെ എറിയുന്നു . അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന ലേബലില്‍ അറിയപ്പെടുന്നവര്‍ കലാപം അഴിച്ചു വിടുന്നു . പൊലീസുകാരെ മൃഗീയമായി ആക്രമിക്കുന്നു. ഇന്നലെ കലാപകാരികള്‍ കിഴക്കമ്പലം കത്തിച്ചപ്പോള്‍ മുഖ്യമന്ത്രി മിന്നല്‍ മുരളി കാണുകയായിരുന്നോ ? റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ വരെ കേരള മുഖ്യനെ കണ്ടാല്‍ നാണിച്ചു തല താഴ്ത്തും- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം, സംസ്ഥാനത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി സമ്പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്നു . ചാവക്കാട്ടെ ബിജു , പാലക്കാട്ടെ സഞ്ജിത്ത് , ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസന്‍ , മാട്ടൂലിലെ ഹിഷാം .. ദിവസങ്ങള്‍ക്കുള്ളില്‍ നാല് കൊലപാതകങ്ങളാണ് പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ സംസ്ഥാനത്ത് നടത്തിയത് .

സംസ്ഥാന തലസ്ഥാനത്തടക്കം ഗുണ്ടകള്‍ പരസ്യമായി അഴിഞ്ഞാടുന്നു . സ്ത്രീകളെ പോലും ആക്രമിക്കുന്നു . കൊലപാതകത്തിനു ശേഷം കാല്‍ വെട്ടി ദൂരെ എറിയുന്നു . അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന ലേബലില്‍ അറിയപ്പെടുന്നവര്‍ കലാപം അഴിച്ചു വിടുന്നു . പൊലീസുകാരെ മൃഗീയമായി ആക്രമിക്കുന്നു .

മറുവശത്ത് സംസ്ഥാന സര്‍ക്കാര്‍ കൊലക്കേസ് പ്രതികളെ രക്ഷിക്കാന്‍ ഖജനാവില്‍ നിന്നും പണം ചിലവാക്കി സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തുന്നു . എന്ത് വെള്ളരിക്കാപ്പട്ടണമാണിത് ?

തന്റെ ഇംഗിതത്തിനു വഴങ്ങുന്ന ഉത്തരേന്ത്യന്‍ ഗോസായിമാരെ ലാ ആന്‍ഡ് ഓര്‍ഡര്‍ നിയന്ത്രിക്കുന്ന സ്ഥാനങ്ങളില്‍ ഇരുത്തി കേരളത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള മലയാളി ഐപിഎസ് ഉദ്യോഗസ്ഥരെ പുന്നയ്ക്കാ വികസന കോര്‍പ്പറേഷന്‍ എംഡിമാരാക്കി മാറ്റിയ മുഖ്യമന്ത്രി തന്നെയാണ് ഈ അവസ്ഥക്ക് ഉത്തരവാദി .

ടെന്‍ഷനുള്ള ദിവസം മുഖ്യമന്ത്രി സിനിമ കാണുമെന്നാണ് മരുമകന്‍ മന്ത്രി പറഞ്ഞത് . ഇന്നലെ കലാപകാരികള്‍ കിഴക്കമ്പലം കത്തിച്ചപ്പോള്‍ മുഖ്യമന്ത്രി മിന്നല്‍ മുരളി കാണുകയായിരുന്നോ ? റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ വരെ കേരള മുഖ്യനെ കണ്ടാല്‍ നാണിച്ചു തല താഴ്ത്തും . പണി അറിയില്ലെങ്കില്‍ രാജി വച്ച് പോണം മുഖ്യമന്ത്രി.