രാഷ്ട്രീയ പാര്‍ട്ടിയിലെ ആണ്‍ നേതാക്കളും ഇതു കാണുക, ലജ്ജിക്കുക തല താഴ്ത്തുക, ശാരദക്കുട്ടി പറയുന്നു

യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും പുറത്തായതോടെ തല മുണ്ഡനം ചെയ്ത് ലതിക സുഭാഷ് പ്രതിഷേധിച്ചത് വലിയ വാര്‍ത്തയായിരിക്കുകയാണ്. ഇതിന് പിന്നാലെ മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലതിക രാജി വയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശാരദക്കുട്ടിയുടെ പ്രതികരണം.

ഒരു സ്ത്രീയായി എന്നതു മാത്രമാണ് അവരുടെ അയോഗ്യത. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലെ ആണ്‍ നേതാക്കളും ഇതു കാണുക. ലജ്ജിക്കുക തല താഴ്ത്തുക. കരഞ്ഞും തലമൊട്ടയടിച്ചും ശയനപ്രദക്ഷിണം നടത്തിയും അല്ല അവര്‍ നിങ്ങള്‍ക്കൊപ്പം കസേര നേടേണ്ടത്. തുല്യ പ്രാതിനിധ്യം. തുല്യ പ്രാതിനിധ്യം തുല്യ പ്രാതിനിധ്യം ആദ്യം അതൊന്ന് ഉരുവിട്ടു പഠിക്കു. എന്നിട്ടാകാം ബാക്കി ഗീര്‍വ്വാണങ്ങള്‍, -ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം, കഴിവും പ്രസരിപ്പും പ്രവര്‍ത്തനപരിചയവുമുള്ള ഒരു സ്ത്രീക്കു വേണ്ടി ഞാന്‍ പിന്മാറാന്‍ തയ്യാറാണെന്ന് പറയാന്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയിലെ ഏതെങ്കിലും പുരുഷ നേതാവ് എന്നെങ്കിലും തയ്യാറാകുമോ ? നിങ്ങളേക്കാള്‍ സമര്‍ഥയായ ഒരു സ്ത്രീ മുന്നില്‍ വന്ന് നിന്നാല്‍ ഭയപ്പെട്ടു പോകാനുള്ള നേതൃത്വ ഗുണമൊക്കെയേ നിങ്ങള്‍ക്കുള്ളു . കാരണം നിങ്ങളുടേതു കസേരയെ മാത്രം ലാക്കാക്കിയുള്ള വട്ടംചുറ്റലാണ്. അതില്‍ തുല്യ പ്രാതിനിധ്യമെന്ന സങ്കല്‍പമോ ജനാധിപത്യ ബോധമോ ഇല്ല. അതുകൊണ്ടു തന്നെ പൂര്‍ണ്ണ അഭിമാനത്തോടെ തലയുയര്‍ത്തി നിങ്ങള്‍ക്കാര്‍ക്കെങ്കിലും തിരഞ്ഞെടുപ്പിനെ നേരിടാനാകുമെന്നു ഞാന്‍ കരുതുന്നില്ല.

ലതിക സുഭാഷ് കോട്ടയം ബിസിഎം കോളേജില്‍ എന്റെ കുറച്ചു ജൂനിയറായി പഠിച്ചിരുന്നു. അന്നേ കാംപസില്‍ തിരഞ്ഞെടുപ്പൊക്കെ വരുമ്പോള്‍ വളരെ ആക്ടീവാണ്. പിന്നീട് കോട്ടയത്ത് നിസ്വാര്‍ഥയായ കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയില്‍ എവിടെയും ഏതു മുക്കിലും മൂലയിലും അവരുണ്ട്. നിറഞ്ഞ ചിരിയുമായി ഓടി നടക്കും. ആരുടെയടുത്തും സ്‌നേഹത്തോടെ അവരുണ്ടാകും. എന്നെക്കുറിച്ചും നിങ്ങളെക്കുറിച്ചും അവര്‍ നല്ലതു കണ്ടെത്തി പറയും. അവസരവാദിയല്ല.

ഷാനിമോളെപ്പോലെ, സി.എസ് സുജാതയെ പോലെ ലതിക എനിക്കേറെ പ്രിയപ്പെട്ടവളാകുന്നത് പ്രവര്‍ത്തനങ്ങളിലെ നിസ്വാര്‍ഥ പരിശ്രമങ്ങള്‍ കൊണ്ടാണ്. സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ്സിനു വേണ്ടി പണിയെടുക്കുന്ന ലതികയുടെ ഇന്നത്തെ വികാരം ഞങ്ങള്‍ക്കു മനസ്സിലാകും. ഒരു സ്ത്രീയായി എന്നതു മാത്രമാണ് അവരുടെ അയോഗ്യത. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലെ ആണ്‍ നേതാക്കളും ഇതു കാണുക. ലജ്ജിക്കുക തല താഴ്ത്തുക. കരഞ്ഞും തലമൊട്ടയടിച്ചും ശയനപ്രദക്ഷിണം നടത്തിയും അല്ല അവര്‍ നിങ്ങള്‍ക്കൊപ്പം കസേര നേടേണ്ടത്. തുല്യ പ്രാതിനിധ്യം. തുല്യ പ്രാതിനിധ്യം തുല്യ പ്രാതിനിധ്യം ആദ്യം അതൊന്ന് ഉരുവിട്ടു പഠിക്കു. എന്നിട്ടാകാം ബാക്കി ഗീര്‍വ്വാണങ്ങള്‍,