മുഖ്യനെ താങ്ങി സോളാർ സരിത, 23 ന് രഹസ്യമൊഴി നൽകും.

കൊച്ചി/ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കോടതിയിൽ നിന്ന് വാങ്ങാൻ ക്രൈം ബ്രാഞ്ച് നടത്തിയ ശ്രമം പാളിയത്തിനു പിറകെ സോളാർ കേസ് പ്രതിയായ സരിത എസ് നായർ നടത്തിയ ശ്രമവും പാളുകയായിരുന്നു. ഇതിനിടെ മാധ്യമങ്ങളോട് സംസാരിച്ച സരിത മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ ആരോപണങ്ങളുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ നഖശിഖാന്തം പിന്തുണതുണച്ചു കൊണ്ടും ഒരു ‘കൈതാങ്’ നൽകിയുമാണ് സംസാരിക്കാൻ ശ്രമിച്ചത്. താൻ ഇത് സംബന്ധിച്ച് 23 ന് രഹസ്യമൊഴി നൽകുമെന്ന പ്രഖ്യാപനവും സരിത നടത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നാണ് സരിത എസ് നായര്‍ പറഞ്ഞത്. വിവാദങ്ങള്‍ക്കും ഗൂഡാലോചനകള്‍ക്കും പിന്നില്‍ പി സി ജോര്‍ജും ക്രൈം നന്ദകുമാറും എച്ച്ആര്‍ഡിഎസിലെ അജി കൃഷ്ണനുമാണെന്നും സരിത ആരോപിക്കുകയുണ്ടായി. കൃത്യമായി അളന്നു കുറിച്ച് പഠിച്ച് വെച്ചത് പോലെയായിരുന്നു സരിതയുടെ വെളിപ്പെടുത്തലുകൾ. മുഖ്യ മന്ത്രിക്ക് സംഭവത്തിൽ പങ്കില്ലെന്ന് സോളാർ കേസിലെ പ്രതിയാണ് പറഞ്ഞിരിക്കുന്നത്. മാത്രമല്ല, മുഖ്യനെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും രഹസ്യ മൊഴിനൽകാനിരിക്കുന്ന സരിതയുടെ ന്യൂസ് ബോംബ്.

സ്വപ്നയുടെ കയ്യില്‍ തെളിവില്ല. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് കൊണ്ടുവരികയാണെന്ന് ജയിലില്‍വച്ച് സ്വപ്ന പറഞ്ഞുവെന്നും സരിത പറയുകയുണ്ടായി. സ്വപ്‌ന മറച്ചുവെയ്ക്കുന്ന പല കാര്യങ്ങളും തനിക്ക് അറിയാമെന്നും, രഹസ്യമൊഴി നല്‍കിയ ശേഷം താന്‍ അതു പുറത്തു പറയുമെന്നതും പ്രബുദ്ധ കേരളത്തോട് സരിതയുടെ പ്രഖ്യാപനമാണ്. 23നാണ് രഹസ്യമൊഴി നല്‍കുന്നത്.

രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസാണ് ഇതിന്റെ സത്യാവസ്ഥ കണ്ടെത്തേണ്ടത്. എന്നിട്ട് ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാം. സ്വര്‍ണം ആര്‍ക്കുവേണ്ടിയാണ് എത്തിച്ചതെന്നും തനിക്ക് അറിയാമെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി എന്ന് പറയുന്ന ആള്‍ ഇതില്‍ ഇല്ലായെന്നും അനാവശ്യമായി അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്നും സ്വപ്‌ന ജയിലില്‍ വച്ചു പറഞ്ഞതായി സരിത പറഞ്ഞു.