സ്വതന്ത്ര പാലസ്തീനെ അംഗീകരിക്കാന്‍ തയാറായില്ലെങ്കില്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ലെന്ന് സൗദി

റിയാദ്. പാലസ്തീനെ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധം ഉണ്ടാകില്ലെന്ന് സൗദി അറേബ്യ. 1967ലെ അതിര്‍ത്തി കരാര്‍ പ്രകാരമുള്ള സ്വതന്ത്ര പാലസ്തീനെ അംഗീകരിക്കണം എന്നാണ് ആവശ്യം. ഇസ്രയേലില്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും കിഴക്കന്‍ ജെറുസലം പാലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം.

ഇസ്രയേല്‍ സൗദി നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് മാറുന്നുവെന്ന യുഎസ് ദേശീയ സുരക്ഷാ വക്താവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സൗദിയുടെ മറുപടി. ഇസ്രയേല്‍ ഹമാസ് യുദ്ധം രൂക്ഷമായതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.

ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ഇസ്രയേല്‍ നടത്തിയ തിരിച്ചടിയില്‍ നാല് മാസത്തിനിടെ കൊല്ലപ്പെട്ടത് 27000 പേരാണ്. മേഖലയില്‍ നിന്നും പിന്മാറാന്‍ സൈന്യം ഇതുവരെ തയ്യാറായിട്ടില്ല.