മൊഴി മാറ്റുന്നതിലൂടെ നമ്മൾ നമ്മളെ മാത്രമല്ല വഞ്ചിക്കുന്നത്,ഒരു വലിയ പെൺ സമൂഹത്തെയാണ്-സയനോര

ഭാമ കൂറുമാറിയതിനെതിരെ മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും രം​ഗത്തെത്തി.ഭാമക്കെതിരെ ഒരു സൈബർ ആക്രമണം തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇപ്പോളിതാ വിഷയത്തിൽ പ്രതികരിച്ച് ഗായിക സയനോര ഫിലിപ്പ്.ഭാമയിൽ നിന്ന് ഇതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മരിക്കുന്നതുവരെ താൻ അവൾക്കൊപ്പം നിൽക്കുമെന്നും അതിന്റെ പേരിൽ എന്ത് സംഭവിച്ചാലും കുഴപ്പമില്ലെന്നും സയനോര വ്യക്തമാക്കി.

സയനോരയുടെ വാക്കുകൾ ഇങ്ങനെ

ഞാൻ എന്നും ഇങ്ങനെ തന്നെയാണ്.അതിലൊരുമാറ്റവും ഉണ്ടാവില്ല,നിലപാടിലും.വ്യക്തിപരമായി എനിക്ക് എന്ത് സംഭവിച്ചാലും ഞാൻ എന്റെ സുഹൃത്തിനൊപ്പം തന്നെ നിൽക്കും.അതുകൊണ്ട് എന്ത് പ്രശ്നമുണ്ടായാലും എനിക്ക് കുഴപ്പമില്ല.അവൾ പോരാടുന്നത് അവൾക്ക് വേണ്ടി മാത്രമല്ല.പീഡിപ്പിക്കപ്പെട്ട,സൈബർ ആക്രമണങ്ങൾക്കിരയായ,ആത്മഹത്യ ചെയ്ത,ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന ആയിരക്കണക്കിന് പെൺകുട്ടികൾക്ക് വേണ്ടികൂടിയാണ് അവൾ ഈ പോരാടുന്നത്.മരണം മാത്രം രക്ഷ എന്ന് ചിന്തിക്കുന്നവർക്ക് ജീവിക്കാനും പോരാടാനുമുള്ള ഊർജ്ജമാണ് അവൾ.അതുകൊണ്ട് തന്നെ അവൾക്കൊപ്പം നിൽക്കാതിരിക്കുന്നത് ഈ കാണുന്ന ആയിരക്കണക്കിന് സത്രീകൾക്കൊപ്പം നിൽക്കാത്തതിന് തുല്യമാണ്.

മൊഴി മാറുന്ന ആളുകൾ ഒരിക്കലും എന്റെ ജീവിതത്തിൽ കടന്നു വരരുതേ എന്നാണ് എന്റെ പ്രാർത്ഥന.സുഹൃത്തിന്റെ കൂടെ കട്ടക്ക് നിൽക്കേണ്ട സമയത്ത് ഒരു സ്ത്രീ കൂടെ നിക്കാത്ത അവസ്ഥ എന്റെ സുഹൃത്ത് വലയത്തിലോ പരിസരത്തോ ഉണ്ടാകരുത് എന്നാണ് എന്റെ പ്രാർത്ഥന.മൊഴി മാറ്റുന്നതിലൂടെ നമ്മൾ നമ്മളെ മാത്രമല്ല വഞ്ചിക്കുന്നത്.പീഡനത്തിനിരയായ,അതിജീവിക്കാനൊരുങ്ങുന്ന ഒരു വലിയ പെൺ സമൂഹത്തിനെ കൂടിയാണ് അവർ വഞ്ചിക്കുന്നത്.അതിജീവിക്കാൻ വേണ്ടി ചെറിയ കച്ചിത്തുരുമ്പാഗ്രഹിക്കുന്നവരെ ഒരു വലിയ കയത്തിലേക്ക് തള്ളിവിടുകയാണ് അവർ.അതൊരു വലിയ സമൂഹത്തിന്റെ പ്രതീക്ഷയാണ് തല്ലിക്കൊടുത്തത്