സ്കൂൾ വിദ്യാർത്ഥിനിയുടെ ദുരൂഹമരണം, പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, പൊലീസ് ക്വാർട്ടേഴ്സിനെ ചുറ്റിപ്പറ്റി അന്വേഷണം

തിരുവനന്തപുരം : സ്കൂൾ വിദ്യാർത്ഥിനിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പൊലീസ് ക്വാർട്ടേഴ്സിനെ ചുറ്റിപ്പറ്റി അന്വേഷണം മുറുകുന്നു. മാർച്ച് 30ന് പരീക്ഷ കഴിഞ്ഞെത്തി വീട്ടിൽ കുഴഞ്ഞുവീണ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഏപ്രിൽ 1നാണ് മരിച്ചത്. കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ കേസിൽ സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി.കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം ക്വാർട്ടേഴ്സിലെത്തി കുട്ടിയുടെ അയൽവാസികളുടെ മൊഴിയെടുത്തു.

കുട്ടിയുടെ സുഹൃത്തുകൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. അതേസമയം കുട്ടി ലഹരിക്ക് അടിമപ്പെട്ടിരുന്നതിന്റെ യാതൊരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. അന്വേഷണ സംഘത്തലവനായ അസി. കമ്മിഷണർ ബിജു പറഞ്ഞു. തലച്ചോറിലെ ഞരമ്പ് പൊട്ടിയുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായത്. രാസപരിശോധനാഫലം കൂടി ലഭിക്കുന്നതോടെ മരണകാരണം വ്യക്തമാകും. ലഹരിക്ക് സ്ഥിരമായി അടിമപ്പെടുന്നവർക്ക് അത് കിട്ടാതെ വരുമ്പോഴുണ്ടാകുന്ന മാനസിക സമ്മർദ്ദത്തിന്റെ ഭാഗമായി തലച്ചോറിലെ ഞരമ്പുകൾ പൊട്ടാറുണ്ട്.

എന്നാൽ കുട്ടി വീട്ടിലോ സ്കൂളിലോ ലഹരി ഉപയോഗിച്ചിരുന്നുവെന്നതിന് സൂചനകളൊന്നും നിലവിൽ ലഭ്യമായിട്ടില്ല. കുട്ടി ഉപയോഗിച്ചിരുന്ന ഫോണും കാൾ വിശദാംശങ്ങളുമെല്ലാം വിശദമായി വിലയിരുത്തുന്ന അന്വേഷണ സംഘം കുറ്റവാളിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ്. പൊലീസ് സേനാംഗമായ അച്ഛനും വീട്ടമ്മയായ മാതാവും കുട്ടിയും മാത്രമായിരുന്നു ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്.