നൗഷാദിന്റെ ആ തടി പോലെയായിരുന്നു ഉള്ളിലെ സ്‌നേഹവും, വല്ലാത്തൊരു ശൂന്യത തോന്നുന്നു, ഷാജി കൈലാസ് പറയുന്നു

സിനിമ നിര്‍മ്മാതവും പാചക വിദഗ്ധനുമായ കെ നൗഷാദിന്റെ മരണത്തില്‍ ഏവരും ഞെട്ടിയിരിക്കുകയാണ്. ഉദര, നട്ടെല്ല് സംബന്ധമായ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു നൗഷാദ്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് നൗഷാദിന്റെ മരണം സംഭവിച്ചത്. രണ്ടാഴ്ച മുമ്പ് ആയിരുന്നു ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. നിരവധി താരങ്ങള്‍ നൗഷാദിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ നൗഷാദിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. നൗഷാദിന്റെ ആ തടി പോലെയായിരുന്നു ഉള്ളിലെ സ്‌നേഹവും എന്ന് ഷാജി കൈലാസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഒറ്റ കൂടിക്കാഴ്ചയില്‍ തന്നെ എല്ലാവരേയും കീഴടക്കികളയുന്ന പെരുമാറ്റത്തിലെ മാസ്മരികത നൗഷാദിന്റെ പ്രത്യേകതയായിരുന്നു. ജീവിച്ച ഓരോ നിമിഷവും നമ്മെ പ്രസരിപ്പിച്ച നൗഷാദ് കടന്ന് പോകുമ്പോള്‍ വല്ലാത്തൊരു ശൂന്യത തോന്നുന്നു. ഇനിയൊരിക്കലും നൗഷാദ് ചിരിച്ചുകൊണ്ട് മുന്നില്‍ വരില്ല എന്ന സത്യം വല്ലാതെ വേദനിപ്പിക്കുന്നു.

സിനിമ മേഖലയിലേക്ക് വരുന്നതിന് മുമ്പ് തന്നെ നൗഷാദുമായി ബന്ധമുണ്ട്. നൗഷാദിന്റെ ആ തടി പോലെയായിരുന്നു ഉള്ളിലെ സ്‌നേഹവും. ഒറ്റ കൂടിക്കാഴ്ചയില്‍ തന്നെ എല്ലാവരേയും കീഴടക്കികളയുന്ന പെരുമാറ്റത്തിലെ മാസ്മരികത നൗഷാദിന്റെ പ്രത്യേകതയായിരുന്നു. ചിരിച്ചുകൊണ്ടല്ലാതെ നൗഷാദിനെ കാണാന്‍ പ്രയാസമായിരുന്നു. പ്രതികൂലമായ അവസ്ഥകളിലും നൗഷാദ് പുഞ്ചിരിച്ചുകൊണ്ട് തന്നെ നിന്നു. തിരുവനന്തപുരത്ത് എന്ത് പാചകപരിപാടികള്‍ ഉണ്ടെങ്കിലും അതിന്റെ ഒരു വിഹിതം നൗഷാദ് വീട്ടില്‍ എത്തിക്കുമായിരുന്നു.

ആ കരുതലിന്റെ രുചി ഇപ്പോഴും നാവിലും മനസ്സിലും മായാതെ നില്‍ക്കുന്നു. ചില വിയോഗങ്ങള്‍ നമ്മെ വല്ലാതെ ഉലച്ചുകളയും. കലര്‍പ്പില്ലാത്ത സ്‌നേഹം കൊണ്ട് ഹൃദയതീരത്ത് നങ്കൂരമിടുന്ന ചില മനുഷ്യരാണ് നമ്മളെ നാമാക്കി നിലനിര്‍ത്തുന്നത്. നൗഷാദ് അത്തരമൊരു വ്യക്തിത്വമായിരുന്നു. സിനിമയില്‍ വരുന്നതിന് മുന്‍പേ നൗഷാദുമായി പരിചയമുണ്ട്. എന്തുകൊണ്ടാണ് നൗഷാദിന്റെ ഭക്ഷണം ഇത്ര രുചികരമാകുന്നത് എന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. സ്‌നേഹത്തിന്റെ രുചിക്കൂട്ടുകള്‍ കൊണ്ടായിരുന്നു നൗഷാദ് ഓരോ വിഭവവും ഉണ്ടാക്കിക്കൊണ്ടിരുന്നത്. മറ്റുള്ളവര്‍ക്കാര്‍ക്കും ആവര്‍ത്തിക്കാന്‍ കഴിയാത്ത ഒരു സ്വീറ്റ് ഫലൂഡയായിരുന്നു നൗഷാദ്.

ജീവിച്ച ഓരോ നിമിഷവും നമ്മെ പ്രസരിപ്പിച്ച നൗഷാദ് കടന്ന് പോകുമ്പോള്‍ വല്ലാത്തൊരു ശൂന്യത തോന്നുന്നു. ഇനിയൊരിക്കലും നൗഷാദ് ചിരിച്ചുകൊണ്ട് മുന്നില്‍ വരില്ല എന്ന സത്യം വല്ലാതെ വേദനിപ്പിക്കുന്നു. നിശ്ചലനായി കിടക്കുന്ന നൗഷാദിനെ സങ്കല്‍പ്പിക്കാന്‍ പോലുമാകുന്നില്ല. അതുകൊണ്ട് ആ കാഴ്ച്ച ഞാന്‍ ഒഴിവാക്കുകയാണ്. പ്രിയ സുഹൃത്തേ വിട… അങ്ങയുടെ ഭൂമിയിലെ ജീവിതം മധുരതരമായിരുന്നു.. മരണാനന്തര ജീവിതത്തിലും അങ്ങേക്ക് ശാന്തി ലഭിക്കട്ടെ ഷാജി കൈലാസ് ഫേസ്ബുക്കില്‍ കുറിച്ചു.