റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചു, തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാന്റെ സഹോദരനെ അറസ്റ്റ് ചെയ്ത് സിബിഐ

കൊൽക്കത്ത: ബംഗാളിലെ സന്ദേശ്ഖാലിയിൽ തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാന്റെ വീട്ടിൽ റെയ്ഡിന് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഷാജഹാന്റെ സഹോദരൻ ആലംഗീറിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ആലംഗീറിനൊപ്പം തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഫ്ജർ മൊല്ല, സിറാജുൽ മൊല്ല എന്നിവരും അറസ്റ്റിലായിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗം പ്രസിഡന്റാണ് മഫുജർ മൊല്ല. ഷെയഖ് ഷാജഹാന്റെ അടുത്ത അനുയായിയാണ് സിറാജുൽ മൊല്ല. ആലംഗീർ ഉൾപ്പെടെ മൂന്ന് പേരെയും ചോദ്യം ചെയ്യാൻ സിബിഐ ഇന്നലെ വിളിച്ച് വരുത്തിയിരുന്നു. പിന്നാലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ജനുവരി അഞ്ചാം തിയതിയാണ് റെയ്ഡിനെത്തിയ ഉ​ദ്യോ​ഗസ്ഥർക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഷെയ്ഖ് ഷാജഹാൻ സംഭവം നടന്ന് 55 ദിവസത്തിന് ശേഷം കഴിഞ്ഞ മാസം അവസാനമാണ് അറസ്റ്റിലായത്. ഷെയ്ഖ് ഷാജഹാൻ ഒളിവിൽ പോയതിന് പിന്നാലെയാണ് ഇയാൾക്കും കൂട്ടാളികൾക്കുമെതിരെ ലൈംഗിക ചൂഷണവും അനധികൃത സ്വത്ത് സമ്പാദനവും ആരോപിച്ച് സ്ത്രീകൾ രംഗത്തെത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് ഇയാളുടെ സഹായികളും തൃണമൂൽ നേതാക്കളുമായ ഷിബപ്രസാദ് ഹസ്ര, ഉത്തം സർദാർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.