‘ശിവസേനാ ബാലാസാഹേബ്’ പുതിയ പാര്‍ട്ടി, മഹാരാഷ്ട്രയില്‍ ഷിന്‍ഡെയുടെ പുതിയ നീക്കം.

 

മുംബൈ/ മഹാരാഷ്ട്രയില്‍ വിമത വിഭാഗത്തിലെ മന്ത്രിമാരെ ശിവസേന മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതോടെ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം പുതിയ പാർട്ടിക്ക് രൂപം നൽകുന്നു. ‘ശിവസേന ബാലാസാഹേബ്’ എന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ പേരെന്ന്, വിമത നേതാക്കളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകൾ പറയുന്നു. ഭൂരിപക്ഷം എംഎല്‍എമാരും ഒപ്പമുള്ളതിനാല്‍ കൂറുമാറ്റ നിരോധന നിയമം പിളര്‍പ്പിനെ ബാധിക്കില്ല എന്നതാണ് ഷിന്‍ഡെക്ക് തുണയാകുന്നത്.

അതേസമയം, ഷിൻഡെയെ കൂടാതെ കാബിനറ്റ് തലത്തിലുള്ള ‘ആയോഗ് അധ്യക്ഷൻ’ രാജേഷ് ക്ഷീരസാഗർ, ദാദാ ഭൂസെ, ഗുലാബ് റാവു പാട്ടീൽ, സന്ദീപ് ഭൂംരെ, ശംഭുരാജെ ദേശായി, അബ്ദുൾ സത്താർ, ബച്ചു കാഡു എന്നിവർ ദേശീയ എക്‌സിക്യൂട്ടീവിന്റെ തീരുമാനപ്രകാരം നടപടി നേരിടേണ്ടിവരുന്നത്.

ഷിൻഡെയുടെ വിമത നീക്കത്തെ തുടർന്ന് എംവിഎയുടെ നേതൃത്വത്തിലുള്ള സർക്കാർ രാഷ്ട്രീയ പ്രതിസന്ധിയിലായതിനാൽ മുഖ്യമന്ത്രിയും സേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവിന്റെ യോഗം വിളിച്ചു ചേർക്കുകയായിരുന്നു. കാബിനറ്റ് മന്ത്രിമാരിൽ ഭൂരിഭാഗം സേന എംഎൽഎമാരും ഗുവാഹത്തിയിലെ വിമത നേതാവിനൊപ്പം ചേർന്നിരിക്കുകയാണ്.

വിമതർക്കെതിരെ നടപടിയെടുക്കാൻ ഉദ്ധവ് താക്കറെയെ ആണ് എക്സിക്യൂട്ടീവ് യോഗം അധികാരപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച പ്രമേയവും ദേശീയ എക്സിക്യൂട്ടീവ് പാസാക്കിയിരിക്കുകയാണ്. “ശിവസേന ബാൽ താക്കറെയുടേതാണെന്നും ഹിന്ദുത്വത്തിന്റെയും മറാത്തി അഭിമാനത്തിന്റെയും കടുത്ത പ്രത്യയശാസ്ത്രം മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധമാണെന്നും എക്സിക്യൂട്ടീവ് തീരുമാനിച്ചു. ശിവസേന ഒരിക്കലും ഈ പാതയിൽ നിന്ന് വ്യതിചലിക്കില്ല,” യോഗത്തിൽ എംപി സഞ്ജയ് റാവത്ത് പറഞ്ഞു.

അതേസമയം, പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് തീരുമാനം. താനെയിലെ, ഏകനാഥ് ഷിന്‍ഡെയുടെ വീടിനു കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില ഇടങ്ങളിൽ വിമത എംഎല്‍എമാരുടെ ഓഫിസുകള്‍ക്ക് നേരെ അക്രമം ഉണ്ടായി. വിമതരെ നാട്ടില്‍ കാലുകുത്താന്‍ സമ്മതിക്കില്ലെന്ന് ചില സേനാ നേതാക്കള്‍ പ്രഖ്യാപനവും നടത്തിയിട്ടുണ്ട്.