മുലക്കണ്ണ് വിണ്ടുകീറി, പാല്‍ കൊടുക്കുമ്പോള്‍ ഞാന്‍ കരയുമായിരുന്നു, ഡോ. ശ്രുതി ജ്യോതിസ് പറയുന്നു

സ്ത്രീകളെ അലട്ടുന്ന വലിയ പ്രശ്‌നമാണ് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍. ഇതെ തുടര്‍ന്ന് അമ്മമാര്‍ കുഞ്ഞിന്റെ ജീവന്‍ വരെ കവരുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ഒരു സ്ത്രീക്ക് ലഭിക്കുന്ന ശ്രദ്ധയും ശുശ്രൂഷയും പോസ്റ്റ്പാര്‍ട്ടം പീരിയഡിലും അവള്‍ക്ക് ലഭിക്കേണ്ടതാണ്. കുഞ്ഞിനോട് കാട്ടുന്ന സ്‌നേഹവും കരുതലും അത് അമ്മയോടും കാട്ടണം. പ്രസവസമയത്ത് ലേബര്‍ റൂമില്‍ വച്ചു ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ മാത്രമല്ല പ്രസവശേഷമുള്ള ആദ്യ നാളുകളില്‍ ജീവനു അപകടം വരുത്താവുന്ന ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ സ്ത്രീകള്‍ക്കു നേരിടേണ്ടി വരാം. അത്തരം ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് വ്‌ളോഗറായ ഡോ. ശ്രുതി ജ്യോതിസ്.

പ്രസവശേഷം രണ്ടാമത്തെ ദിവസം തന്നെ മുലക്കണ്ണ് വിണ്ടുകീറിയിരുന്നു (നിപ്പിള്‍ ക്രാക്ക്). കുഞ്ഞിനു ശരിയായ രീതിയില്‍ പാല്‍ കൊടുക്കാന്‍ പോലും വല്ലാതെ ബുദ്ധിമുട്ടി. ആദ്യമൊക്കെ വേദന സഹിച്ചു പാല്‍ കൊടുക്കുമായിരുന്നു. 7-10 ദിവസം ആയപ്പോഴെക്കെ വിണ്ടുകീറിയതിന്റെ തീവ്രത കൂടി. പാല്‍ കൊടുക്കുമ്പോള്‍ ഞാന്‍ കരയുമായിരുന്നു. വേദനിച്ചിട്ടും പാല്‍ പിഴിഞ്ഞും നിപ്പിള്‍ ഷീല്‍ഡ് ഉപയോഗിച്ചും കൊടുക്കുമായിരുന്നു. ആദ്യത്തെ രണ്ടാഴ്ച ഇങ്ങനെ തള്ളിനീക്കി.

ഇതിനിെട എപ്പിസിയോട്ടമി സ്റ്റിച്ചില്‍ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. ഞാന്‍ കൃത്യമായി കെയര്‍ എടുക്കുന്നുമുണ്ടായിരുന്നു. സ്റ്റിച്ച് ഉണങ്ങുന്നതുവരെ വേദന ഉണ്ടാകും എന്ന് അറിയാവുന്നതുകൊണ്ട് തന്നെ ആശങ്കയില്ലായിരുന്നു. സിറ്റ്‌സ് ബാത്ത് ചെയ്യുന്നുണ്ടായിരുന്നു. മുറിവില്‍ ആന്റിബയോട്ടിക്ക് ഓയിന്‍മെന്റ് പുരട്ടുമായിരുന്നു. മരുന്നുകളും കൃത്യമായി കഴിക്കുന്നുണ്ടായിരുന്നു. കുളി കഴിഞ്ഞാല്‍ സ്റ്റിച്ച് ഉള്ള ഭാഗം ഈര്‍പ്പരഹിതമാക്കി സൂക്ഷിക്കുമായിരുന്നു