ആ ചാനൽ 50000 രൂപ തരാനുണ്ട്, അഞ്ചു കൊല്ലമായി ഇതുവരെ തന്നിട്ടില്ല; ശ്രീനിവാസൻ

മലയാള സിനിമയിൽ നടൻ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം നിറഞ്ഞ് നിൽക്കുന്ന താരമാണ് ശ്രീനിവസൻ . കുറിയ്ക്ക് കൊള്ളുന്ന നർമ്മത്തിലൂടെ മലയാളിയെ ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്ത അഭിനയ ജീവിതമാണ് ശ്രീനിവാസന്റേത്. മണിമുഴക്കം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീനിവാസൻ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് എത്രയോ മികച്ച ചിത്രങ്ങൾ, നല്ല കൂട്ടുകെട്ടുകൾ ഇവയുടെയൊക്കെ ഭാഗമായി സിനിമയ്‌ക്കൊപ്പം നടന്നു. നിലവാരമുള്ള തമാശകൾ ശ്രീനിവാസൻ ചിത്രങ്ങളുടെ പ്രത്യേകത തന്നെയാണ്. ശ്രീനിവാസന്റെ ‘ചിരികൾ’ തീയേറ്ററിൽ ഉപേക്ഷിച്ച് പോകാൻ പ്രേക്ഷകർക്ക് കഴിയുമായിരുന്നില്ല. അസുഖബാധിതനായി വിശ്രമത്തിലാണെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുന്ന തിരക്കിലാണ് ശ്രീനിവാസൻ.

ഇപ്പോഴിതാ പുതിയ ഒരു അഭിമുഖത്തിൽ ഒരു ചാനൽ തന്നെ പറഞ്ഞുപറ്റിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. 50000 രൂപ അവാർഡ് നൽകാമെന്ന് പറഞ്ഞ ചാനലുകാർ തന്നെ പറ്റിച്ചെന്നാണ് ശ്രീനിവാസൻ പറയുന്നത്. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകിയതിന് ശേഷം തനിക്ക് പണം ലഭിച്ചില്ലെന്നും അഞ്ച് വർഷമായി പറ്റിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് അദ്ദേഹം പറയുന്നത്.

ഞാൻ തൃശ്ശൂരിൽ സ്‌ക്രിപ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ അവാർഡുണ്ടെന്ന് പറഞ്ഞു. എനിക്ക് വരാൻ പറ്റില്ല, ഞാൻ ഒരു ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞു. അവാർഡുണ്ട്, 50000 രൂപയാണ് എന്ന് പറഞ്ഞ് കുറെ നിർബന്ധിച്ചു. ആളെ പേഴ്‌സണലായി അറിയാവുന്നത് കൊണ്ട് ഞാൻ വരാമെന്ന് പറഞ്ഞു’ എന്നാണ് ശ്രീനിവാസൻ പറയുന്നത്. അങ്കമാലിയിൽ വച്ചായിരുന്നു പരിപാടി. അങ്ങനെ താൻ അവിടെ എത്തി. എന്തോ ലൈഫ് ടൈം അച്ചീവ്‌മെന്റ് എന്ന് പറഞ്ഞ് ഭയങ്കര പേരുള്ള അവാർഡാണ്, കേട്ടാൽ ഞെട്ടി പോകും

50000 രൂപയുടെ ഒരു കവർ തന്നു. ചേട്ടാ അതൊരു ഫേക്ക് സാധനമാണ് തന്നത്. പൈസ തരുന്നുണ്ട് ഒന്ന് അക്കൗണ്ട് നമ്പർ അയച്ചു തരണേ എന്ന് പറഞ്ഞുവെന്നും അത് പ്രകാരം ഞാൻ അക്കൗണ്ട് നമ്പർ അയച്ചു കൊടുത്തുവെന്നുമാണ് ശ്രീനിവാസൻ പറയുന്നത്. അതിനു ശേഷം ഇതേ കള്ളൻ ക്ലോസ് ചെയ്ത ഒരു ചെക്കും ആധാർ കാർഡും വേണമെന്ന് ആവശ്യപ്പെട്ടുവെന്നും ശ്രീനിവാസൻ പറയുന്നുണ്ട്.

തനിക്ക് നാഷ്ണൽ അവാർഡ് കിട്ടിയിട്ടുണ്ട്. അതിനും പൈസ ഉണ്ടായിരുന്നു. അവർ അന്ന് അക്കൗണ്ട് നമ്പർ ചോദിച്ച് പൈസ അയക്കുകയാണ് ചെയ്തത്. കേന്ദ്രസർക്കാരിന് പോലും ആവശ്യമില്ലാത്ത സാധനങ്ങളാണ് ഇവർ ആവശ്യപ്പെടുന്നതെന്ന് ശ്രീനിവാസൻ കൂട്ടിച്ചേർത്തു.