ഒന്നാം ക്ലാസിൽ ചേരാൻ കുറഞ്ഞത് 5 വയസ്സ്

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 5 ആയി തുടരുമെന്നു വ്യക്തമാക്കി സ്കൂൾ മാന്വലിന്റെ കരട് പുറത്തിറക്കി.

1–8 ക്ലാസ് വിദ്യാർഥികളിൽനിന്ന് ഒരുതരത്തിലുള്ള ഫീസും ഈടാക്കരുത്. സ്കൂൾ പ്രവർത്തനം സംബന്ധിച്ചുള്ള ആധികാരികരേഖയായ സ്കൂൾ മാന്വലിന്റെയും ഏകോപനത്തോടെയുള്ള പഠനപ്രവർത്തനങ്ങൾ വിശദമാക്കുന്ന അക്കാദമിക് മാസ്റ്റർപ്ലാനിന്റെയും കരടാണു മന്ത്രി വി.ശിവൻകുട്ടി പുറത്തിറക്കിയത്.

കേന്ദ്ര വിദ്യാഭ്യാസനയം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 ആണെങ്കിലും കേരളത്തിൽ വിദ്യാഭ്യാസച്ചട്ടം അനുസരിച്ച് 5 ആയി തുടരുമെന്നാണു മാന്വലിൽ വ്യക്തമാക്കുന്നത്. 9–ാം ക്ലാസ് വരെ പ്രവേശനത്തിനു 3 മാസത്തെയും 10–ാം ക്ലാസിലേക്ക് 6 മാസത്തെയും വയസ്സിളവ് ജില്ലാ–ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്ക് അനുവദിക്കാം.