പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി, ഏഴുവയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം, പിടിയിൽ

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. ഇന്നലെ ഫോർട്ട് സ്റ്റേഷൻ ഹൗസ്‌ ഓഫീസർക്ക് ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അനു മാസങ്ങളായി ഉപദ്രവിച്ചിരുന്നതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. പാടശേരി സ്വദേശി അഞ്ജനയെ ആദ്യഭർത്താവ് ഉപേക്ഷിച്ച ശേഷം ഒരുവർഷം മുമ്പാണ് ഡ്രൈവറും ബന്ധുവുമായ അനുവിനെ വിവാഹം കഴിക്കുന്നത്. അഞ്ജനയുടെ ആദ്യഭർത്താവിലുള്ളതാണ് കുട്ടി. അഞ്ജനയും അനുവും ദീർഘകാലമായി സൗഹൃദത്തിലായിരുന്നു. കുട്ടി ഹൈപ്പർ ആക്ടീവാണെന്നും അതിനാൽ പഠിക്കാൻ അടങ്ങിയിരിക്കാറില്ലെന്നും പറഞ്ഞാണ് ഉപദ്രവിക്കാറുള്ളത്.
അവധിയായതിനാൽ മൂന്നുദിവസം മുമ്പ് അനുവിന്റെ സഹോദരന്റെ വീട്ടിൽ കുട്ടിയെ കൊണ്ടുപോയിരുന്നു. അവിടെ കുളിപ്പിക്കുന്ന സമയത്താണ് കുട്ടിയുടെ ദേഹത്ത് പൊള്ളലും മുറിവേറ്റ പാടുകളും ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബന്ധുക്കൾ അഞ്ജനയോട് ഇക്കാര്യം ചോദിച്ചു. ഭയന്ന അഞ്ജന കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബഹളം വയ്‌ക്കുകയും കഴുത്ത് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയും ചെയ്‌തു. എന്നാൽ ബന്ധുക്കൾ കുട്ടിയെ അഞ്ജനയെ തിരികെ ഏല്പിക്കാൻ തയ്യാറായില്ല. തുടർന്ന് നിരന്തരം മർദ്ദിക്കുന്നതായി കുട്ടി സംസാരിക്കുന്ന വീഡിയോ ഇവർ ചിത്രീകരിച്ചു.

കുട്ടിയെ ഉപദ്രവിച്ച വിവരമറിഞ്ഞ സമീപവാസികളിൽ ചിലർ പറഞ്ഞതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ ശരീരമാസകലം അടിയേറ്റതിന്റെ പാടുകളുണ്ട്. ഇരുകാലുകൾക്ക് താഴെയും മുറിവേറ്റതിന്റെ പാടുകളും കണ്ടെത്തി. വീട്ടിലെ പട്ടിയെ ഉപദ്രവിച്ചെന്ന പേരിൽ പട്ടിയെക്കെട്ടുന്ന ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചിട്ടുണ്ട്. ഭാര്യയും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം കുട്ടിയെ ക്രൂരമായി മർദ്ദിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്.

ഉപദ്രവിക്കുന്നതിനെതിരെ സമീപവാസികൾ ചോദ്യം ചെയ്‌താൽ അവരോട് തട്ടിക്കയറാറുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പഠിക്കാത്തതിനാലാണ് അടിക്കുന്നതെന്ന ന്യായം നാട്ടുകാരോട് പറഞ്ഞിരുന്ന അഞ്ജന കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുന്നതിനെ എതിർത്തിരുന്നില്ല. ഇതിനാൽ സമീപവാസികളാരും ഇക്കാര്യത്തിൽ ഇടപെടാറില്ലായിരുന്നു. പ്രതി അനുവിനെ ഫോർട്ട് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കുട്ടിയെ സി.ഡബ്ലിയു.സിയിലേക്ക് മാറ്റി.