കലോത്സവത്തില്‍ എ ഗ്രേഡ്, മടക്കയാത്രയില്‍ വിദ്യാര്‍ഥിയ്ക്ക് കാല്‍വിരല്‍ നഷ്ടമായി

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയ വിദ്യാര്‍ഥിയ്ക്ക് അപകടത്തില്‍ കാല്‍വിരല്‍ നഷ്ടമായി. ഹൈസ്കൂള്‍ വിഭാഗം വട്ടപ്പാട്ട് മത്സരത്തില്‍ എ ഗ്രേഡ് നേടിയ പെരുമ്പാവൂര്‍ തണ്ടേക്കാട് ജമാഅത്ത് സ്കൂളിലെ വട്ടപ്പാട്ട് ടീമിലെ അംഗമായ മുഹമ്മദ് ഫൈസലിനാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. വട്ടപ്പാട് സംഘത്തിലെ മണവാളനായാരുന്നു ഫൈസല്‍. ശനിയാഴ്ച രാത്രി വൈകി ചെന്നൈ–ഗുരുവായൂർ എക്സ്പ്രസിലാണ് സംഘം നാട്ടിലേക്ക് മടങ്ങിയത്. മടക്കയാത്രയില്‍ ജനറല്‍ കംപാര്‍ട് മെന്‍റിലെ തിക്കും തിരക്കും കാരണം വാതിലിനടുത്തായിരുന്നു ഫൈസലും കൂട്ടൂകാരും.

ഇന്നലെ പുലർച്ചെ 1.30ന് ട്രെയിൻ കൊല്ലം മൺറോതുരുത്തിൽ എത്തിയപ്പോഴായിരുന്നു അപകടം. കാൽ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങിയതാകാം അപകടത്തിന് കാരണമെന്ന് അധ്യാപകൻ വി.പി.അബൂബക്കർ പറഞ്ഞു. ഫൈസലിന്‍റെ ഇടതുകാലിന്‍റെ പെരുവിരലാണ് നഷ്ടമായത്.

തുടര്‍ന്ന് കായംകുളം ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കയ ശേഷം വിദ്യാര്‍ഥിയെ ആലുവ രാജഗിരി ആശുപത്രിയിലും പിന്നാലെ കൊച്ചി സ്പെഷലിസ്റ്റ്സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ ചതഞ്ഞരഞ്ഞ ഇടതുകാലിലെ പെരുവിരൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റേണ്ടി വന്നു. വലതുകാലിന്റെ 3 ചെറുവിരലുകൾക്കും പരുക്കുണ്ട്. ചെമ്പറക്കി തങ്ങളത്ത് ടി.എസ്.അബ്ദുൽ ജമാലിന്റെയും സീനയുടെയും മകനാണ്.