ജീവനൊടുക്കാന്‍ ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു

കിളിമാനൂര്‍: വീടിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു. കാട്ടുപുറം കൊല്ലുവിള അജ്മി മന്‍സിലില്‍ നാസര്‍ – ഷീബ ദമ്പതികളുടെ മകള്‍ അല്‍ഫിന ആണ് മരിച്ചത്. 17 വയസായിരുന്നു. കിളിമാനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയാണ്.

ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവമുണ്ടായത്. സ്‌കൂളില്‍ പോയി തിരികെ എത്തിയ അല്‍ഫിന കടപ്പുമുറയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട ബന്ധുക്കള്‍ ഉടന്‍ തന്നെ അല്‍ഫിനയുടെ കെട്ടഴിച്ച് താഴെയിറക്കി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളദില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൃതദേഹം സ്വകാര്യ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വിദേശത്തുള്ള പിതാവ് എത്തിയതിന് ശേഷമായിരുന്നു കബറടക്കം. അജ്മി സഹോദരിയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.