ഹിജാബ് കേസില്‍ സുപ്രീംകോടതിയുടെ ഭിന്ന വിധി; ഹര്‍ജി വിശാല ബെഞ്ചിലേക്ക്

ന്യൂഡല്‍ഹി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കിയ കര്‍ണാടക ഹൈക്കോടതി വിധിയില്‍ സുപ്രീംകോടതിയില്‍ ഭിന്ന വിധി. ഹിജാബ് വിലക്ക് ശരിവെച്ച ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വിധിപറഞ്ഞപ്പോള്‍ എല്ലാ അപ്പീലുകളും അംഗീകരിച്ച് ഹൈക്കോടതി വിധി തള്ളുകയാണ് ജസ്റ്റിസ് സുധാന്‍ഷു ധുലിയ വിധി പറഞ്ഞത്. ഇതോടെ കേസ് ചീഫ് ജസ്റ്റിസിന്റെ മുന്നിലെത്തും. വിശാല ബെഞ്ചിലേക്ക് കേസ് നല്‍കണോ അതോ രണ്ട് അംഗങ്ങളുള്ള മറ്റൊരുബെഞ്ചിലേക്ക് വിടണോ എന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം അനുവദിക്കുന്നുവെന്നും. ഹിജാബ് ധരിക്കല്‍ ഇസ്ലാമില്‍ നിര്‍ബന്ധമായ കാര്യമല്ലെന്നും ജസ്റ്റിസ് ഗുപ്ത വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി. അതേസമയം കര്‍ണാടക ഹൈക്കോടതി തെറ്റായ പാതയാണ് സ്വീകരിച്ചതെന്ന് ജസ്റ്റിസ് ധൂലിയ പറഞ്ഞു.

ഹര്‍ജികളില്‍ നേരത്തെ വാദം പൂര്‍ത്തിയായിരുന്നു. സര്‍ക്കാരിന്റെ നടപടി കര്‍ണാടക ഹൈക്കോടതി ശരിവെച്ചതിന് എതിരെയുള്ള ഹര്‍ജികളിലാണ് ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാന്‍ശു ധൂലിയ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വാദം കേട്ടത്.ഹിജാബ് ധരിക്കുന്നത് വൈവിധ്യത്തിന്റെ ഭാഗമായി കണ്ടുകൂടെ എന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.

സിഖ് മതവിഭാഗത്തിന്റെ ടര്‍ബന് നല്‍കുന്ന ഇളവ് ഹിജാബിന്റെ കാര്യത്തിലും വേണമെന്ന് മറ്റൊരു അഭിഭാഷകനായ കോളിന്‍ ഗോണ്‍സാല്‍വസ് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഹിജാബിനെ സിഖ് വിഭാഗം അണിയുന്ന തലപ്പാവുമായി താരതമ്യം ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അദ്ധ്യക്ഷനായ ബെഞ്ച് പരാമര്‍ശിച്ചു. ടര്‍ബന്‍ സിഖ് വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്നും ബെഞ്ച് വ്യക്തമാക്കി.ഹിജാബ് ധരിക്കുന്നത് മതാചാരത്തിന്റെ ഭാഗമാണെന്ന് രണ്ട് ഹൈക്കോടതി വിധികളുണ്ടെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് വാദിച്ചു.