ഇത് അവിസ്മരണീയമായ ഒരു ജന്മദിനം, പ്രിയപ്പെട്ടവളെ നെഞ്ചോട് ചേര്‍ത്ത് സുരേഷ് ഗോപി

മലയാളികളുടെ പ്രിയ നടനും പൊതു പ്രവര്‍ത്തകനുമായ സുരേഷ് ഗോപിയുടെ പിറന്നാള്‍ കഴിഞ്ഞ ദിവസമായിരുന്നു. 64-ാം പിറന്നാള്‍ ആഘോഷിച്ച താരത്തിന് ആശംസകളുമായി സിനിമയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും നിരവധി പേര്‍ രംഗത്തെത്തി. പിറന്നാള്‍ ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് സുരേഷ് ഗോപിയും രംഗത്ത് എത്തി.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സുരേഷ് ഗോപി നന്ദി അറിയിച്ചത്. താരത്തിന്റെ പോസ്റ്റും ഇതിനോടകം വൈറലായി കഴിഞ്ഞു. ഭാര്യ രാധികയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച്, നിറ ചിരിയോടെ നില്‍ക്കുന്ന തന്റെ ചിത്രമാണ് സുരേഷ് ഗോപി സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചത്.

‘ഈ പ്രത്യേക ദിനത്തില്‍ എനിക്ക് ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങള്‍ ഓരോരുത്തരില്‍ നിന്നും വളരെയധികം സ്‌നേഹവും വാത്സല്യവും കൊണ്ട് ചുറ്റപ്പെട്ടതില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്. ഇത് ശരിക്കും അവിസ്മരണീയമായ ഒരു ജന്മദിനമാണ്. വാക്കുകള്‍ക്കതീതമായി സ്പര്‍ശിച്ചു. നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ!’. ചിത്രത്തിനൊപ്പം താരം കുറിച്ചതിങ്ങനെ.

താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലും സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുടുംബ സമേതമായിരുന്നു സുരേഷ് ഗോപി യോഗത്തില്‍ പങ്കെടുക്കാനായി എത്തിയത്. സുരേഷ് ഗോപിക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കുവെയ്ക്കുന്ന മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വീഡിയോകളിലുണ്ട്.