വന്ദേ ഭാരതിൽ അനർഹരും, പാവപ്പെട്ട പ്രവാസികൾ നാട്ടിലെത്താനായി കാത്തിരിക്കുമ്പോൾ കോടീശ്വരനും കുടുംബവും കൊച്ചിയിലെത്തി

മെയ് ഏഴിന് അബുദബിയിൽനിന്നും 177 യാത്രക്കാരുമായി രാത്രി 10.8ന് കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ആദ്യ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ അനർഹരായ നിരവധി പേർ കടന്നു കൂടിയതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവിടുന്നു. ഗർഭിണികൾ, അർബുദ രോഗികൾ, വൃക്ക മാറ്റി വയ്ക്കേണ്ടവർ, മാറാരോഗികൾ, അവശ്യ വൈദ്യസഹായം കാത്തിരിക്കുന്നവർ, മരണാസന്നരായ ബന്ധുക്കളെ അവസാനമായി കാണുന്നതിന് നാട്ടിലേക്ക് അടിയന്തിരമായി എത്തേണ്ടവർ തുടങ്ങി ആയിരങ്ങൾ പട്ടികയിൽ ഇടംപിടിക്കാതെ പുറത്തുനിൽക്കുമ്പോഴാണ് കോടീശ്വരനായ സുരേഷ് കൃഷ്ണമൂർത്തിയും കുടുംബവും നാട്ടിലെത്തിയത്.

സുരേഷ് കൃഷ്ണമൂർത്തി, ഭാര്യ, മൂന്നു മക്കൾ, വേലക്കാരി എന്നിവരാണ് വ്യാജകാരണം കാണിച്ച് നാട്ടിലെത്തിയത്. ഇവരുടെ വീട്ടിൽ മരണം നടന്നുവെന്ന പച്ചക്കളം പറഞ്ഞാണ് ഇവർ എംബസിയിൽനിന്നു സീറ്റ് തരപ്പെടുത്തിയത്. യുഎഇയിൽ കോടികളുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമ നടപടികൾ നേരിടുന്ന ബി ആർ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എൻഎംസിയുടെ മുൻ സിഎഫ്ഒ സുരേഷ് കൃഷ്ണമൂർത്തിയും കുടുംബവുമാണ് ഇത്തരത്തിൽ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ ഇടംപിടിച്ചത്.6.6 ബില്യൺ ഡോളർ കടബാധ്യത ഉള്ള എൻ.എം.സി ആശുപത്രിയുടെ സാമ്പത്തിക വിഭാഗം തലവൻ ആണ്‌ സുരേഷ് കൃഷ്ണമൂര്‍ത്തി ഇന്ത്യാ സർക്കാർ ഏർപെടുത്തിയ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് ഇവരെ ആരാണ്‌ വിമാനത്തിൽ കയറ്റി കേരളത്തിൽ എത്തിച്ചത് എന്നത് ഗൗരവമായ ചോദ്യം ആണ്‌.