ലക്ഷ്യം ആൻ്റണി, വിവാദ ദല്ലാളിന്റെ ആരോപണംഎ.കെ ആന്റണിയെ ഒഴിവാക്കാനുള്ള കോൺ​ഗ്രസിന്റെ തന്ത്രം

കൽപ്പറ്റ: ദല്ലാൾ നന്ദകുമാറിന്റെ ആരോപണം മുതിർന്ന കോൺ​ഗ്രസ് നേതാവ് എ.കെ ആൻ്റണിയെ ലക്ഷ്യം വച്ചുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ.
കോൺ​ഗ്രസിന് അകത്ത് ആന്റണിക്കെതിരെ നീക്കങ്ങൾ ആരംഭിച്ചിട്ട് വർഷങ്ങളായി. എ.കെ ആന്റണിയെ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്നവരാണ് ഇതിന് പിന്നുള്ളത്. മകൻ അനിൽ ആൻ്റണി ബിജെപിയിൽ ചേർന്നതോട് കൂടി സമ്പൂർണമായി എ.കെ ആന്റണിയെ ഒഴിവാക്കാനുള്ള നീക്കമാണിത്.

നിലവിൽ ഉയരുന്ന ആരോപണം അനിൽ ആന്റണിക്കെതിരെയല്ലെന്നും എ.കെ ആന്റണിയെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യാഴവട്ട കാലത്തിന് ശേഷമാണ് ഇത്തരമൊരു ആരോപണവുമായി വരുന്നത്. ആന്റണിയുടെ കാലത്ത് ഇങ്ങനെയൊക്കെ നടന്നുവെന്ന് വരുത്താൻ വേണ്ടിയുള്ള വളരെ ആസൂത്രിതമായ നീക്കമാണിത്. എ.കെ ആന്റണിയെ രാഷ്‌ട്രീയമായി അവസാനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോട് കൂടി നടത്തുന്ന പ്രചാരണമാണിത്

കേരളത്തിൽ പല ആരോപണങ്ങളും ഉന്നയിക്കുന്നയാളാണ് ഇവിടെയും ആരോപണം ഉന്നയിച്ചിരിക്കുന്ന ദല്ലാൾ നന്ദകുമാർ. അനിൽ ആൻ്റണി അധികാര സ്ഥാനങ്ങളൊന്നും തന്നെ വഹിച്ചിട്ടില്ല. അതിനാൽ ആൻ്റണിയുടെ പ്രതിച്ഛായ തകർക്കാനുള്ള ഉദ്ദേശമാണിത്. ആരോപണം ഒരർത്ഥത്തിലും ‌അനിൽ ആന്റണിക്കെതിരെയല്ല എന്നും സുരേന്ദ്രൻ പ്രതികരിച്ചു.