മദ്യ ലഹരിയില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ സാധിക്കാതെ സ്‌കൂളിലെത്തി അധ്യാപകന്‍, പിന്നാലെ സസ്പെൻഷൻ

അമിതമായി മദ്യപിച്ചെത്തിയ സ്‌കൂള്‍ അധ്യാപകനെ സസ്‌പെന്റ് ചെയ്ത് അധികൃതര്‍. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. രാജേന്ദ്ര നേതം എന്ന അധ്യാപകനെയാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയില്‍ സസ്പെന്‍ഡ് ചെയ്തത്. മുമ്പും ഇയാള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞദിവസം മദ്യലഹരിയില്‍ സ്‌കൂളിലെത്തിയ രാജേന്ദ്രക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ഇയാള്‍ ബോധമില്ലാതെ സ്‌കൂള്‍ പരിസരത്ത് ഇരിക്കുന്നത് വിദ്യാര്‍ഥികളിലൊരാള്‍ മൊബൈില്‍ പകര്‍ത്തി. ഈ വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് അധ്യാപകനെ സസ്‌പെന്റ് ചെയ്തത്. അമിത മദ്യലഹരിയിലാണ് അധ്യാപകന്‍ സ്‌കൂളിലെത്തിയതെന്ന് വീഡിയോയില്‍ വ്യക്തമാണ്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് അധികൃതര്‍ക്ക് പരാതി ലഭിച്ചത്.

അധ്യാപകനെതിരെ ആദ്യം നടപടികള്‍ ഉണ്ടാകാത്ത സാഹചര്യമാണ് ഉണ്ടായത്. ഇതോടെ പല കുട്ടികളും സ്‌കൂളിലെത്തുന്നത് അവസാനിപ്പിച്ചു. ഇതോടെയാണ് വിദ്യാഭ്യാസ വകുപ്പ് നേരിട്ട് ഇടപെട്ടത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടയാണ് വകുപ്പു തല ഇടപെടല്‍ ഉണ്ടായത്.