നൊമ്പരപ്പിക്കുന്ന ഓർമ്മയായി വന്ദനയുടെ വീട്ടിലെ നെയിം ബോര്‍ഡ്, നഷ്ടപെട്ടത് ഏകമകളെ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കത്രിക കൊണ്ടുള്ള കുത്തേറ്റു കൊല്ലപ്പെട്ട ഡോ. വന്ദനദാസ് മാതാപിതാക്കളുടെ ഒരേയൊരു മകൾ. ബിസിനസുകാരനായ അച്ഛന്‍ മോഹന്‍ ദാസും അമ്മ വസന്തകുമാരിയുമാണ് വന്ദനയുടെ മാതാപിതാക്കള്‍. ഏറെ പ്രതീക്ഷയോടെ പഠിപ്പിച്ച് ഡോക്ടറാക്കിയ ഏക മകളുടെ വിയോഗം താങ്ങാനാകാതെ വെന്തുരുകുകയാണ് വന്ദനയുടെ മാതാപിതാക്കള്‍.

കോട്ടയം കടുത്തുരുത്തിക്ക് സമീപം മുട്ടുചിറ പട്ടാളമുക്ക് സ്വദേശിയാണ് ഡോ. വന്ദന. വീടിന്റെ മതിലില്‍ ഡോ. വന്ദനദാസ് എംബിബിഎസ് എന്ന നെയിം ബോര്‍ഡും സ്ഥാപിച്ചിരിക്കുന്നു. മരണവിവരമറിഞ്ഞ് എത്തിയ ഏവർക്കൊക്കെ ഈ നെയിം ബോര്‍ഡ് നൊമ്പരക്കാഴ്ചയായി മാറി. അസീസിയ മെഡിക്കല്‍ കോളേജിൽ നിന്നാണ് വന്ദന എംബിബിഎസ് പൂര്‍ത്തിയാക്കിയിരുന്നത്.

വന്ദന കൊട്ടാക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്ത് വരികയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ച, പ്രതിയാണ് വന്ദനയെ ആക്രമിക്കുന്നത്. വൈദ്യ പരിശോധനയ്ക്കായായിരുന്നു ഇയാളെ പോലീസ് എത്തിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ വന്ദന തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അടിപിടി കേസ് പ്രതി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോക്ടർ വർധനക്ക് ഏറ്റത് ആറ് കുത്തുകൾ ആയിരുന്നു. മുതുകിലും കഴുത്തിലുമാണ് മാരകമായ കുത്തുകളേറ്റത്. ആറ് കുത്തുകളേറ്റുവെന്നാണ് പരിശോധിച്ച ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. പിന്നാലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഡോ. വന്ദന ദാസിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഡോക്ടർമാർ ഉൾപ്പെടെ നാലുപേരെയാണ് പ്രതി ആക്രമിച്ചത്. രണ്ടുപേരെ അടിക്കുകയും ചെയ്തു. ഡോക്ടർ വന്ദന ദാസ്, ആശുപത്രി ഗാർഡായ മണിലാൽ, ഹോം ഗാർഡ് ആയ അലക്സ് കുട്ടി, പ്രതി സന്ദീപിന്റെ ബന്ധുവായ ബിനു എന്നിവർക്കാണ് കുത്തേൽക്കുന്നത്.