കല്യാണ വേഷത്തിൽ ബൂത്തിലെത്തി നവവധു, വോട്ട് ചെയ്‌ത്‌ നേരെ വിവാഹപ്പന്തലിലേക്ക്

കോഴിക്കോട് : തിരഞ്ഞെടുപ്പ് കല്യാണദിവസമായാൽ എന്താണ് പ്രശ്നം. കല്യാണദിവസമായിട്ടും തന്റെ വോട്ടവകാശം നിർവഹിച്ച് യുവതി. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ഹരിത രാമനാഥനാണ് കല്യാണവേഷത്തിൽ പോളിം​ഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ദിവസവും കല്യാണവും ഒരുമിച്ചു വന്നതിനാൽ വോട്ട് ചെയ്തിട്ട് മണ്ഡപത്തിലെത്താമെന്ന്‌ നേരത്തെ വിചാരിച്ചിരുന്നുവെന്ന് ഹരിത പ്രതികരിച്ചു.

വോട്ട് നഷ്ടപ്പെടുത്താൻ തയ്യാറല്ല, കല്യാണദിവസം തെരഞ്ഞെടുപ്പ് വന്നപ്പോൾ ടെൻഷനായിരുന്നു. എല്ലാവരും പറഞ്ഞപ്പോൾ വോട്ട് ചെയ്തിട്ട് പോകാമെന്ന് കരുതിയെന്നും ഹരിത പറഞ്ഞു. ആഭരണങ്ങളുൾപ്പെടെ അണിഞ്ഞാണ് യുവതി പോളിം​ഗ് ബൂത്തിലെത്തിയത്. ബൂത്തിൽ വിവാഹവേഷത്തിൽ പെൺകുട്ടിയുടെ ചിത്രങ്ങൾ പകർത്താനും ആളുകൾ ഏറെയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചവരെ 40 ശതമാനത്തിനടുത്താണ് പോളിങ്. രാവിലെ മുതൽ പോളിങ് ബൂത്തുകളിൽ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്. സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടി നേതാക്കളും രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി.

20 ലോക്സഭ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പെ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിത്തുടങ്ങിയിരുന്നു. വോട്ടര്‍മാരുടെ നീണ്ട നിര തന്നെയാണ് പല ബൂത്തുകള്‍ക്ക് മുന്നിലും ദൃശ്യമാകുന്നത്. ഒരു ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. 66303 സുരക്ഷ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേന ആയിരിക്കും സുരക്ഷ നിർവഹിക്കുക.