കൂട്ടുപ്രതിയെ തള്ളിപ്പറഞ്ഞ് ഒന്നാം പ്രതി മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു, 20 സീറ്റിലും തോല്‍ക്കുമ്പോള്‍ ഇ.പി ജയരാജൻ ബലിയാടാകും, വി.‍‍ഡി സതീശൻ

കൊച്ചി: കൂട്ടുപ്രതിയെ തള്ളിപ്പറഞ്ഞ് ഒന്നാം പ്രതിയായ മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. 20 സീറ്റിലും തോല്‍ക്കുമ്പോള്‍ പിണറായി വിജയൻ ഇ.പി ജയരാജനെ ബലിയാടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

എന്തിനാണ് ജാവദേദ്ക്കറുടെ വീട്ടിലേക്ക് ഇ.പി ജയരാജന്‍ പോയതെന്ന് ഇപ്പോഴും സി.പി.എം പറയുന്നില്ല. ജാവദേദ്ക്കറെ കണ്ടതിലും സംസാരിച്ചതിലും ഒരു കുഴപ്പവുമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തിരഞ്ഞെടുപ്പിന് മുൻപു തന്നെ സി.പി.എം-ബി.ജെ.പി ബന്ധം ഇപ്പോള്‍ മറ നീക്കി പുറത്തു വന്നിരിക്കുകയാണെന്ന് സതീശൻ പറഞ്ഞു.

ജാവദേദ്ക്കറുമായി മുഖ്യമന്ത്രിയും എല്‍.ഡി.എഫ് കണ്‍വീനറും എന്താണ് സംസാരിച്ചതെന്നതാണ് യു.ഡി.എഫിന്റെ ചോദ്യം. ജയരാജന്‍ എന്‍.ഡി.എയുടെ കണ്‍വീനറാണോ എല്‍.ഡി.എഫിന്റെ കണ്‍വീനറാണോ എന്ന യു.ഡി.എഫിന്റെ ചോദ്യം അടിവരയിടുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നന്ദകുമാറും അച്യുതാനന്ദനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് 2011-ല്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞ ആളാണ് ഞാന്‍. പല സി.പി.എം നേതാക്കളുമായും നന്ദകുമാറിന് ബന്ധമുണ്ട്. എന്നിട്ടാണ് ഏത് നന്ദകുമാറെന്ന് ഇ.പി ജയരാജന്‍ ചോദിച്ചത്. നന്ദകുമാറിന്റെ വീട് സന്ദര്‍ശിച്ച് അയാളുടെ അമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തയാളാണ് ഇ.പി ജയരാജന്‍.

ശിവന്റെ കൂടെ പാപി ചേര്‍ന്നാല്‍ പാപിയും ശിവനാകുമെന്നാണ് പറയുന്നത്. യഥാര്‍ഥ ശിവനാണെങ്കില്‍ പാപി കത്തിയെരിഞ്ഞ് പോകും. ഇത് ഡൂപ്ലിക്കേറ്റ് ശിവനാണ്. പിശാചിന്റെ കൂടെ പിശാച് ചേര്‍ന്നാല്‍ പിശാച് ഒന്നു കൂടി പാപിയാകും. ശിവന്റെ കൂടെ പാപി ചേര്‍ന്നാല്‍ പാപിയും ശിവനാകുമെന്നത് എന്ത് പഴഞ്ചൊല്ലാണ്? കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും തോല്‍പ്പിക്കാന്‍ കേരളത്തിലെ സി.പി.എം നേതാക്കളും ബി.ജെ.പി നേതാക്കളും തമ്മില്‍ നിരന്തരമായ ചര്‍ച്ച നടക്കുകയാണ്. തൃശൂരില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് സി.പി.എം നേതാക്കള്‍ പരസ്യമായി പറഞ്ഞു തുടങ്ങി. ഒരു സീറ്റ് പോലും ജയിക്കില്ലെന്ന് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ മനസിലായി. വെറുക്കപ്പെട്ടവന്‍ എന്നതു പോലെ വിധിക്കപ്പെട്ടവന്‍ വേണമല്ലോ. അതുകൊണ്ടാണ് ഇങ്ങനെയുള്ള ആളുകളുമായി ബന്ധപ്പെടാന്‍ പാടില്ലെന്ന് പിണറായി വിജയന്‍ ഇ.പി ജയരാജനെ ഉപദേശിച്ചത്.