മുത്തുമാല അണിയിച്ച് വിവാഹം ടിക് ടോക്കില്‍ ചിത്രീകരിച്ചു, പോലീസിന് മുന്നില്‍ പെട്ടപ്പോള്‍ ബൈക്കില്‍ പാഞ്ഞു, പിടികൂടിയപ്പോള്‍ യുവാവ് പറഞ്ഞ കഥകേട്ട് പോലീസ് പോലും അമ്പരന്നു

കൊരട്ടി: വീട്ടുകാരെ അറിയിക്കാതെ വിവാഹം കഴിക്കുന്നവരുടെ പല വീഡിയോകളും സോഷ്യല്‍ ലോകത്ത് സജീവമാണ്. ടിക് ടോക്കില്‍ കൂടി ഇത്തരം നിരവധി വിവാഹങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. കണ്ടാല്‍ പ്രായപൂര്‍ത്തി ആയെന്ന് പോലും തോന്നാത്ത പലരും ഇത്തരത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ടിക് ടോക്ക് വിവാഹമാണ് കഴിഞ്ഞ ദിവസെ തൃശൂര്‍ കൊരട്ടിയില്‍ നടന്നത്. മുത്തുമാല അണിയിച്ച് വിവാഹം നടത്തിയ ശേഷം ബൈക്കില്‍ കറങ്ങി നടന്ന യുവാവും യുവതിയും പോലീസിന്റെ മുന്നില്‍ പെട്ടു, ഇതോടെ മരണ വേഗത്തിലായി പാച്ചില്‍. ഒടുവില്‍ വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ച് പോലീസ് യുവാവിനെ കുടുക്കിയപ്പോഴാണ് ടിക് ടോക്ക് വിവാഹത്തിന്റെ കഥ പുറത്തായത്.

പോലീസ് കൈ കാണിച്ചിട്ട് യുവാവ് നിര്‍ത്താതെ പോവുകയും ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുകയും ചെയ്തതോടെയാണ് പോലീസ് വാഹന നമ്പര്‍ പ്രകാരം യുവാവിനെ പൊക്കിയത്. ഇതിനിടെ മറ്റൊരു കളിയും യുവാവ് കളിച്ചു. പോലീസ് നിര്‍ദേശ പ്രകാരം സ്റ്റേഷനില്‍ എത്തിയപ്പോള്‍ ബൈക്ക് ഓടിച്ച സമയത്ത് ധരിച്ച ഷര്‍ട്ട് അണിയിച്ച് സുഹൃത്തിനെ സിഐക്ക് മുന്നില്‍ എത്തിച്ചു. എന്നാല്‍ പോലീസ് ചോദ്യം ചെയ്തതോടെ സുഹൃത്ത് ഉള്ള സത്യം പറഞ്ഞു. ഇതോടെ യുവാവിനെ കയ്യോടെ പൊക്കി.

തുടര്‍ന്ന് യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ടിക് ടോക്ക് വിവാഹത്തിന്റെ വിവരം പുറത്താകുന്നത്. ‘ബൈക്കില്‍ ഒപ്പമുണ്ടായിരുന്നതു ഭാര്യയാണ് സര്‍. ടിക് ടോക്കില്‍ ഞങ്ങളുടെ വിവാഹം നടത്തിയ ശേഷം മടങ്ങുന്ന വഴിയായിരുന്നു. തനിക്ക് നിയമപ്രകാരമുള്ള വിവാഹപ്രായം തികഞ്ഞതേയുള്ളൂ’ എന്നായിരുന്നു യുവാവിന്റെ മറുപടി. ഇത് കേട്ട് പോലീസും ഞെട്ടി.

ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം ഉണ്ടായത്. സിഐ ബികെ അരുണും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെ യുവാന് യുവതിക്കൊപ്പം ആഡംബര ബൈക്കില്‍ എതിര്‍ ദിശയിലല്‍ എത്തി. പോലീസില്‍ ഒരാള്‍ കൈ കാണിച്ചെങ്കിലും യുവാവ് നിര്‍ത്താതെ മരണവേഗത്തില്‍ പാഞ്ഞു. തുടര്‍ന്ന് വണ്ടി നമ്പര്‍ ഉപയോഗിച്ച് സൈബര്‍ സെല്ലിന്റെ കൂടി സഹായത്തില്‍ യുവാവിനെ കണ്ടെത്തുക ആയിരുന്നു. തുടര്‍ന്നാണ് യുവാവ് സുഹൃത്തിനെ ഹാജരാക്കിയത്. ഒടുവില്‍ കള്ളി പൊളിഞ്ഞപ്പോള്‍ ഉള്ളകാര്യം യുവാവ് പറഞ്ഞു.

ടിക് ടോക്കിലൂടെ ബംഗളൂരുവവില്‍ പഠിക്കുന്ന നഴ്‌സിങ് വിദ്യാര്‍ത്ഥിയുമായി യുവാവ് അടുപ്പത്തിലായി. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. യുവാവിന് വിവാഹ പ്രായം എത്തുന്നത് വരെ ഇവര്‍ കാത്തിരിക്കുക ആയിരുന്നു. ടിക് ടോക്ക് വിവാഹങ്ങള്‍ ട്രെന്‍ഡ് ആയതിനാല്‍ തങ്ങളുടെ വിവാഹവും അങ്ങനെ തന്നെ നടത്താന്‍ നിശ്ചയിച്ചു. കൊരട്ടി സ്റ്റേഷന്‍ പരിധിയിലെ പള്ളിയിലെത്തി കയ്യില്‍ കരുതിയ മുത്തുമാലകള്‍ പരസ്പരം അണിയിച്ചു. ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യാന്‍ വിഡിയോ ചിത്രീകരിച്ചു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുന്നതിന് ഇടെയാണ് മെഴുകുതിരി കത്തിക്കുന്ന കാര്യം മറന്നു എന്ന് ഓര്‍ത്തത്. ഇതിനായി തിരികെ പോകുമ്പോഴാണ് പോലീസിന് മുന്നില്‍ പെട്ടത്. സിഐ ഇവരുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി യുവാവിനെ താക്കീതു ചെയ്ത് അവര്‍ക്കൊപ്പം വിട്ടു.