അവിയല്‍ കഴിച്ച് മടുത്തു, ജയില്‍ മെനുവില്‍ മാറ്റം വരുത്തണമെന്ന് ചീമേനിയിലെ തടവുപുള്ളികള്‍

അവിയല്‍ കഴിച്ച് മടുത്തുവെന്ന് ജയിലിലെ തടവുപുള്ളികള്‍. അവിയല്‍ കഴിച്ച് മടുത്തുവെന്നും അതുകൊണ്ട് കറി മാറ്റി നല്‍കണമെന്നുമാവശ്യപ്പെട്ട് തടവുപുള്ളികള്‍ രംഗത്ത്. കാസര്‍ഗോഡ് ചീമേനിയിലെ തുറന്ന ജയിലിലെ തടവുപുള്ളികളാണ് മെനു മാറ്റം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ആവശ്യം തടവുപുള്ളികള്‍ ജയില്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്. ജയില്‍ അധികൃതര്‍ ഈ ആവശ്യം ജയില്‍ വകുപ്പിന് കൈമാറി.

തടവുപുള്ളികള്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം ഉച്ചഭക്ഷണത്തിന് അവിയലാണ് കറി. മാംസാഹാരം കഴിക്കാത്തവരാണെങ്കില്‍ ആഴ്ചയില്‍ ഏഴ് ദിവസവും അവിയല്‍ തന്നെയാണ് കറിയായി ലഭിക്കുക. മത്സ്യത്തിനും മാംസത്തിനും പകരമായും അവിയല്‍ തന്നെയാണ് നല്‍കുക. ഇതേത്തുടര്‍ന്നാണ് അവിയല്‍ മടുത്തെന്ന പരാതിയുമായി തടവുപുള്ളികള്‍ അധികൃതരെ സമീപിച്ചത്.

തടവുകാരുടെ ആവശ്യം അധികൃതര്‍ ജയില്‍ വകുപ്പിനു കൈമാറിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ഭക്ഷണ മെനു പരിഷ്‌കരിച്ചതിനാല്‍ ഈ നിര്‍ദ്ദേശം നടപ്പിലാവാനുള്ള സാധ്യത വളരെ കുറവാണ്.