ട്രെയിന്‍ തീവെപ്പ് ; എന്‍.ഐ.എ. സംഘം കോഴിക്കോട്ടെത്തി; ഷാരൂഖ് സെയ്ഫിക്കെതിരേ കൊലക്കുറ്റം ചുമത്തി

കോഴിക്കോട് : ട്രെയിനിലുണ്ടായ ആക്രമണത്തിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരേ കൊലക്കുറ്റം ചുമത്തി. പ്രതിക്ക് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. റെയില്‍വേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊലപാതകക്കുറ്റം ഉൾപ്പെടുത്തിയിരുന്നില്ല.

കേസിൽ വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍.ഐ.എ. സംഘം കോഴിക്കോട്ടെത്തി. ഡി.ഐ.ജി. കാളി രാജ് മഹേഷ് ഉള്‍പ്പെടെയുള്ള സംഘമാണ് ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടെത്തിയത്. അതേസമയം രൂഖ് സെയ്ഫിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഈ മാസം 20 വരെയാണ് റിമാന്റ് കാലാവധി. കരൾ രോഗത്തെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്ന പ്രതിയെ മജിസ്‌ട്രേറ്റ് ആശുപത്രിയിൽ നേരിട്ടെത്തി കണ്ടു.

ശേഷം റിമാന്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മനീഷ് ആണ് പ്രതിയെ നേരിട്ടെത്തി കണ്ട് സംസാരിച്ച ശേഷം റിമാന്‍ഡ് നടപടിയിലേക്ക് കടന്നത്. ഗുരുതര കരൾ രോഗത്തെ തുടർന്നാണ് പ്രതി ഷാരൂഖ് സെയ്ഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കിടത്തി ചികിത്സ നടത്തേണ്ട ആവശ്യം പ്രതിക്കില്ലെന്ന് ഡോക്ടർ അറിയിക്കുകയായിരുന്നു.