കാണികളെ ഒഴിവാക്കി തൃശ്ശൂര്‍ പൂരം നടത്താന്‍ ആലോചന; തീരുമാനം വൈകീട്ട്‌

തൃശ്ശൂര്‍: ചുരുക്കം ചില സംഘാടകരെയും ആനക്കാരേയും മേളക്കാരെയും ഉള്‍പ്പെടുത്തികൊണ്ട് പൂരം നടത്താം എന്ന് ഇന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ദേവസ്വങ്ങള്‍ അറിയിക്കും. ഇങ്ങനെ പൂരം നടത്താന്‍ ദേവസ്വങ്ങള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്.  കാണികളെ ഒഴിവാക്കി കൊണ്ട് തൃശ്ശൂര്‍ പൂരം നടത്താനുള്ള ആലോചനകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനം ഇന്ന് വൈകീട്ടുണ്ടാകും.

ഇന്ന് വൈകിട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം അറിയിക്കും. ആളുകള്‍ തിങ്ങി നില്‍ക്കുന്ന അവസ്ഥ ഒഴിവാക്കിയാല്‍ കോവിഡ് വ്യാപനത്തിന്റെ ആശങ്ക കുറക്കാനാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് കാണികളെ ഒഴിവാക്കി ചുരുക്കം തില സംഘാടകരേയും ആനക്കാരേയും മേളക്കാരേയും മാത്രം ഉല്‍ക്കൊള്ളിച്ചുകൊണ്ട് മേളം നടത്താം എന്ന തീരുമാനം ദേവസ്വങ്ങള്‍ കൈകൊണ്ടിരിക്കുന്നത് എന്ന് വേണം കരുതാന്‍. ഇതുവഴി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ അംഗീകരിക്കാന്‍ സംഘാടകര്‍ തയ്യാറാകാനാണ് സാധ്യത.

മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശത്തിനനുസരിച്ച്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാണ് എന്ന നിലപാടിലാണ് നിലവില്‍ ദേവസ്വങ്ങള്‍ എത്തിയിരിക്കുന്നത്. ദൃശ്യ, നവ മാധ്യമങ്ങളുടെ സഹായത്തോടെ ദേശക്കാര്‍ക്ക് തല്‍സമയം പൂരം കാണാന്‍ അവസരം ഒരുക്കും. സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് ഇത്തരത്തിലൊരു അഭിപ്രായത്തിലേക്ക് ദേവസ്വങ്ങള്‍ മുന്നോട്ടുവെച്ചത്.

തൃശൂര്‍ പുറത്തിന് പങ്കെടുക്കുന്നതിനായി കൊവിഡിന്റെ രണ്ട് ഡോസ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാത്രമേ പൂരത്തിന്‍ പങ്കെടുക്കാന്‍ പാടു എന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. പൂരവുമായി ബന്ധപ്പെട്ട് ക്രമസമാധാനം പാലിക്കുന്നതിനായി പ്രത്യേക ഉത്തരവും പുറത്തിറക്കിയിരുന്നു. പൂരത്തിന്റെ ഭാരവാഹികള്‍, എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ ഉടമസ്ഥന്മാര്‍, പാപ്പാന്മാര്‍, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായായിരുന്നു ക്രിമിനല്‍ നടപടി നിയമം 144 ആം വകുപ്പ് പ്രകാരമുള്ള പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്.

ഏപ്രില്‍ 23, 24 തീയതികളില്‍ ഘടക പൂരങ്ങള്‍ക്കെത്തുന്നവര്‍ നിശ്ചിത സമയത്തുതന്നെ ആരംഭിച്ച്‌ നിശ്ചിത സമയത്തുതന്നെ അവസാനിപ്പിക്കണം. ആനകളെ എഴുന്നള്ളിക്കുന്നതുമായും വെടിക്കെട്ട് നടത്തുന്നതുമായും ബന്ധപ്പെട്ട സുപ്രീം കോടതി, ഹൈക്കോടതി, സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കണം. എല്ലും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കര്‍ശന നടപടികളുടെ പശ്ചാത്തലത്തില്‍ പൂരം നടത്തിപ്പ് പ്രയാസകരമാകുമെന്നായിരുന്നു ദേവസ്വം വകുപ്പിന്റെ പ്രതികരണം. പാപ്പാന്മാര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം ആക്കരുത് എന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങളായിരുന്നു ദേവസ്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്.