നിരോധിത ലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

തൃപ്പൂണിത്തുറയിൽ നിരോധിത ലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. ഇരിങ്ങാലക്കുട കല്പറമ്പിൽ വിതയത്തിൽ അലക്‌സ് (25), അരിപ്പാലം നരേപറമ്പിൽ വില്യംസ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 10 ഗ്രാം എം.ഡി.എം.എയാണ് ഹിൽപാലസ് പൊലീസ് പിടികൂടിയത്.

വ്യാഴാഴ്ച രാത്രി നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. എസ്.ഐമാരായ കെ. പ്രദീപ്, വി.ആർ. രേഷ്മ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പോൾ മൈക്കിൾ, ബൈജു, പ്രവീണ്, സിവിൽ പൊലീസർമാരായ ബേസിൽ, രതീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

അതേസമയം കോട്ടയത്ത് മാരക പുകയില ഉൽപന്നമായ ഹാൻസ് വില്പന നടത്തിയിരുന്ന ഹരിയാന സ്വദേശി ദേവേന്ദർ സിങ്ങിനെ (40) കോട്ടയം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.വൈ. ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു. മൂലേടത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഇയാളിൽ നിന്നും 20 കിലോ ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തു. വിപണിയിൽ മൂന്ന് ലക്ഷം രൂപ വില വരും. ഇയാളെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് കോട്ടയം ടൗണിലും കോടിമത ഭാഗത്തും മഫ്തിയിൽ നിരീക്ഷണം നടത്തിവരുകയായിരുന്നു.